തകർക്കാൻ ട്രംപ്, തടുക്കാൻ ഇറാൻ: യുദ്ധഭീതിക്കിടെ ജനീവയിൽ നിർണ്ണായക ചർച്ചകൾ

#ന്യൂസ് ഡെസ്ക്
ജനീവയിൽ നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ നിന്ന് | Photo: 'X' @PressTV
ജനീവയിൽ നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ നിന്ന് | Photo: 'X' @PressTV

ജനീവ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള മൂന്നാം ഘട്ട  ചർച്ചകൾ ജനീവയിൽ നടന്നു. ആണവ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള ഈ ചർച്ചകൾ. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. ചർച്ചകളിൽ ഇരുപക്ഷവും പുതിയതും ക്രിയാത്മകവുമായ ആശയങ്ങളോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സമാധാനത്തിനുള്ള വലിയൊരു അവസരമാണിതെന്നും ഒമാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ആണവ കേന്ദ്രങ്ങൾ ഉപേക്ഷിക്കണം, യുറേനിയം സമ്പുഷ്ടീകരണം പാടില്ല തുടങ്ങിയ നിർദേശങ്ങൾ പാലിച്ചാൽ ഉപരോധം ഘട്ടം ഘട്ടം ആയി കുറയ്ക്കാമെന്നാണ് യുഎസ് നിലപാട്. നിബന്ധനകൾ പാലിച്ചാൽ സാമ്പത്തിക സഹായവും മുന്നോട്ട് വെച്ചിട്ടുണ്ട്. കടുത്ത ആവശ്യങ്ങൾ ഇറാൻ തള്ളുമെന്നാണ് റിപ്പോർട്ടുകൾ.

തങ്ങൾ ഒരു സാഹചര്യത്തിലും ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി ആവർത്തിച്ചു. അതേസമയം, യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന യുഎസ് ആവശ്യം ഇറാൻ നിരസിച്ചിട്ടുണ്ടെങ്കിലും ആണവ പദ്ധതിയിൽ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന സൂചന നൽകിയിട്ടുണ്ട്. എങ്കിലും, മിസൈൽ പദ്ധതികളിലോ മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾക്ക് നൽകുന്ന പിന്തുണയിലോ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.

2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക സന്നാഹമാണ് അമേരിക്ക ഇപ്പോൾ മിഡിൽ ഈസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരെയും യുദ്ധക്കപ്പലുകളെയും വിമാനവാഹിനിക്കപ്പലുകളെയും മേഖലയിലേക്ക് ട്രംപ് അയച്ചിട്ടുണ്ട്. നയതന്ത്രത്തിന് മുൻഗണന നൽകുന്നുണ്ടെങ്കിലും ഇറാൻ നേതാക്കളെ സമ്മർദ്ദത്തിലാക്കാൻ പരിമിതമായ രീതിയിൽ ആക്രമണം നടത്തുന്നത് ട്രംപ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനോ അല്ലെങ്കിൽ ഭരണമാറ്റത്തിനായുള്ള വിപുലമായ നീക്കങ്ങൾ നടത്താനോ ട്രംപ് മുതിർന്നേക്കുമെന്നും വിവരമുണ്ട്.

ഈ ചർച്ചകളിലൂടെ ഇറാൻ പ്രധാനമായും ലക്ഷ്യമിടുന്നത് തങ്ങളുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ സഹായിക്കുന്ന തരത്തിൽ യുഎസ് ഉപരോധങ്ങൾ നീക്കം ചെയ്യുക എന്നതാണ്.

Content Highlights: Crucial indirect talks between the US and Iran are underway in Geneva.