ഇറാന്റെ ഡ്രോണുകളും റഡാർ സൈറ്റുകളും ആക്രമിച്ചതായി യുഎസ്; കുവൈത്തിനും ബഹ്‌റൈനും നേരെ പ്രത്യാക്രമണം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നാല് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് സൈന്യം. കൂടുതൽ ആക്രമണങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കുന്നതിനായി ഗൊരുക്കിലെയും ഖേഷ്മ് ദ്വീപിലേയും ഇറാനിയൻ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളും ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സമുദ്രഗതാഗതത്തിന് ഭീഷണി ഉയർത്തിയ ഡ്രോണുകളെയാണ് ഹോർമുസിൽ വെടിവെച്ചിട്ടതെന്നും യുഎസ് വ്യക്തമാക്കി.
യുഎസ് നടപടിക്ക് തിരിച്ചടിയായി കുവൈത്തിനും ബഹ്‌റൈനുംനേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. എന്നാൽ, ഇറാൻ വിക്ഷേപിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തങ്ങൾ തടഞ്ഞതായി യുഎസ് സൈന്യം അവകാശപ്പെട്ടു.
ഏഴ് മിസൈലുകൾ കുവൈത്തിനും ബഹ്‌റൈനും നേരെ വിക്ഷേപിച്ചതായും എല്ലാം പ്രതിരോധിച്ചതായും യുഎസ് സൈന്യം വ്യക്തമാക്കി. അതേസമയം, കുവൈത്തിലേയും ബഹ്‌റൈനിലേയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും നാശനഷ്ടങ്ങൾ വരുത്തിയതായും ഐആർജിസി അറിയിച്ചു.
എന്നാൽ, നിലവിൽ യു.എസ് സൈന്യത്തിനോ ഉദ്യോഗസ്ഥർക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടല്ല, ബഹ്റൈനിലെ യു.എസ് 5-ാം കപ്പൽപ്പട ആസ്ഥാനത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന ഇറാനിയൻ അവകാശവാദങ്ങൾ തെറ്റാണെന്നും യുഎസ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ ശത്രു മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യവും അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ ആക്രണങ്ങളെ തടയുന്നതിന്റെ ഫലമായിട്ടാണ് സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നത്. അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സൈന്യം കൂട്ടിച്ചേർത്തു. സൈറൺ മുഴങ്ങുമ്പോൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയവും രാജ്യത്തുള്ളവരോട് നിർദേശിച്ചിട്ടുണ്ട്.
Content Highlights: US forces destroyed four Iranian drones in the Hormuz Strait., US retaliated by striking Iranian coastal radar sites in Goru and Qeshm Island., Iran launched ballistic missiles and drones toward Kuwait and Bahrain.,