പശ്ചിമേഷ്യയിൽനിന്ന് പൗരരെ ഒഴിപ്പിക്കാൻ യുഎസ്; സൈനിക വിമാനങ്ങളൊരുക്കുന്നു, എംബസികൾ അടച്ചു

വാഷിങ്ടൺ: പശ്ചിമേഷ്യയിൽനിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരർക്കായി സൈനിക വിമാനങ്ങളും ചാർട്ടർ വിമാനങ്ങളുമൊരുക്കുകയാണെന്ന് യു.എസ്. മറ്റു പല രാജ്യങ്ങളും പൗരർക്കായി ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.
സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം റിയാദിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ രണ്ട് ഡ്രോൺ ആക്രമണങ്ങളിൽ തീപ്പിടിത്തമുണ്ടായി. ഇത് പിന്നീട് നിയന്ത്രണവിധേയമാക്കി. എംബസിയിലേക്ക് പോകരുതെന്ന് പൗരർക്ക് യു.എസ് നിർദേശംനൽകി. കുവൈത്തിലെ യു.എസ്. എംബസിയിലും അക്രമണമുണ്ടായി. കുവൈത്ത്, സൗദി, ലെബനൺ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് എംബസികൾ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ്, ഖത്തർ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നിവിടങ്ങളിലെ അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും അടിയന്തരമായി രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടു. കൂടാതെ, പശ്ചിമേഷ്യയിലെ പന്ത്രണ്ടിലധികം രാജ്യങ്ങളിൽനിന്ന് അടിയന്തരമായി പുറത്തുകടക്കാൻ അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ, മേഖലയിലെ ഭൂരിഭാഗം വ്യോമപാതകളും അടച്ചതിനാൽ ആയിരക്കണക്കിന് അമേരിക്കക്കാർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.
യു.എസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ ഇറാനിൽ ഏകദേശം 787 പേർ കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിന് മറുപടിയായി ഇസ്രായേൽ ലെബനനിൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടു.
Content Highlights: The US State Department is organizing military and charter flights for Americans to leave the Middle East