ഇറാന് നേരെ വീണ്ടും ആക്രമണം കടുപ്പിക്കാൻ അമേരിക്ക? നെതന്യാഹുവുമായി പീറ്റ് ഹെഗ്സെത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി

#ന്യൂസ് ഡെസ്ക്
പീറ്റ് ഹെഗ്സെത്ത്, ബെഞ്ചമിൻ നെതന്യാഹു | PHOTO: AFP
പീറ്റ് ഹെഗ്സെത്ത്, ബെഞ്ചമിൻ നെതന്യാഹു | PHOTO: AFP

വാഷിങ്ടൺ: മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. വരാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാന് നേരെ വീണ്ടും സൈനികാക്രമണങ്ങൾ ആരംഭിക്കാൻ ഡൊണാൾഡ് ട്രംപും പെന്റഗണും ലക്ഷ്യമിടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് കൂടിക്കാഴ്ച. 

യു.എസ്. സെൻട്രൽ കമാൻഡിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സൈനികരെ സന്ദർശിച്ച ഹെഗ്സെത്ത്, അവർ ഒരു ‘ചരിത്രപരമായ ദൗത്യത്തിലാണെ’ന്ന് എക്സിൽ കുറിച്ചു. അതേസമയം, നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളോ സന്ദർശന ലക്ഷ്യമോ അമേരിക്കയോ ഇസ്രയേലോ പുറത്തുവിട്ടിട്ടില്ല.

ഒക്ടോബർ 27-ന് നടക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഹെഗ്സെത്തിൻ്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. 2023 ഒക്ടോബർ ഏഴിന് നടത്തിയ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാസങ്ങളായി ഇരുനേതാക്കൾക്കുമിടയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് ഒടുവിലാണ് ട്രംപിന്റെ നീക്കം. 

അതേസമയം, തിരഞ്ഞെടുപ്പിൽ ഇസ്രയേലിലെ നെതന്യാഹുവിന്റെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നു. നെതന്യാഹുവിനെ പിന്തുണയ്ക്കുന്നതിൽ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകളുമുണ്ട്. നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാൻ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വിസമ്മതിച്ചിരുന്നു. ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വാൻസ് വ്യക്തമാക്കിയിരുന്നു.

Content Highlights: US Defense Secretary Pete Hegseth held an unannounced secret meeting with Israeli Prime Minister Benjamin Netanyahu., The visit coincides with the upcoming October 27 Israeli parliamentary election., Donald Trump publicly endorsed Netanyahu, boosting his campaign amidst falling poll numbers., Experts suggest potential US-Israel joint military actions against Iran following the meetings.