യു.എസിൽ യുവാക്കൾക്ക് സൈനിക സേവനത്തിന് ഓട്ടോമാറ്റിക് രജിസ്‌ട്രേഷൻ; നിയമം മാറുന്നതിന്റെ പിന്നിൽ

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ, അമേരിക്കൻ സൈനിക സംവിധാനത്തിൽ ദശാബ്ദങ്ങൾക്കിപ്പുറം വലിയ മാറ്റങ്ങൾ വരുത്താൻ യു.എസ്. ഒരുങ്ങുന്നു. യോഗ്യരായ പുരുഷന്മാരെ സൈനിക സേവനത്തിനായി ഓട്ടോമാറ്റിക് ആയി രജിസ്റ്റർ ചെയ്യുന്ന പുതിയ നിർദ്ദേശമാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്. സൈനിക സേവനത്തിനായി വ്യക്തികൾ നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടതിന് പകരം, സർക്കാർ തന്നെ വിവരങ്ങൾ ശേഖരിച്ച് പട്ടികയിൽ ഉൾപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. 2026-ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന് (National Defense Authorization Act) അമേരിക്കൻ പാർലമെന്റായ കോൺഗ്രസ് അംഗീകാരം നൽകിയതിനെത്തുടർന്നാണ് ഈ പരിഷ്‌കാരം നടപ്പാകുന്നത്.
2026 ഡിസംബറോടെ സെലക്ടീവ് സർവീസ് സിസ്റ്റം വഴി ഈ ഓട്ടോമാറ്റിക് രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, നിലവിലെ ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏത് സാഹചര്യത്തെയും നേരിടാനുള്ള സജ്ജീകരണമായാണ് ഈ നീക്കം. നിലവിലെ നിയമപ്രകാരം, എല്ലാ പുരുഷന്മാരും 18 വയസ്സ് തികഞ്ഞ് 30 ദിവസത്തിനുള്ളിൽ സെലക്ടീവ് സർവീസിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇതിൽ വീഴ്ച വരുത്തുന്നത് പിഴയോ തടവോ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ സർക്കാർ ആനുകൂല്യങ്ങളും ജോലിയും നഷ്ടപ്പെടാനും ഇത് കാരണമാകും.
പുതിയ നിയമപ്രകാരം, സർക്കാർ സംവിധാനങ്ങൾ വഴി ഇത് ഓട്ടോമാറ്റിക്കായി നടക്കും. വ്യക്തികൾ നേരിട്ട് അപേക്ഷിക്കുന്നതിന് പകരം, മറ്റ് ഫെഡറൽ ഡാറ്റാബേസുകളിൽ (ഉദാഹരണത്തിന് ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ, ടാക്‌സ് റെക്കോർഡുകൾ തുടങ്ങിയവ) നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് സെലക്റ്റീവ് സർവീസ് സിസ്റ്റം അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തും. രജിസ്ട്രേഷനായി ജനങ്ങളെ ബോധവൽക്കരിക്കാനും പരസ്യം നൽകാനും ചെലവാക്കുന്ന വലിയ തുക ലാഭിക്കാൻ ഇതിലൂടെ സാധിക്കും. എല്ലാവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ സൈനിക സേവനത്തിനായി ആളുകളെ കണ്ടെത്തുന്നത് വേഗത്തിലാക്കാനും ഇത് സഹായിക്കും.
വിയറ്റ്‌നാം യുദ്ധകാലത്തിന് ശേഷം അമേരിക്കൻ സൈനിക രജിസ്‌ട്രേഷൻ സംവിധാനത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരമായി ഇതിനെ കണക്കാക്കുന്നു. ഇതുവരെ ചില സ്റ്റേറ്റുകളിൽ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകളുമായി ബന്ധിപ്പിച്ചായിരുന്നു രജിസ്‌ട്രേഷൻ നടന്നിരുന്നതെങ്കിൽ, പുതിയ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കും. എന്നാൽ, യു.എസിൽ നിർബന്ധിത സൈനിക സേവനം ഇതുപ്രകാരമുണ്ടാകില്ല. മറിച്ച്, ഒരു ദേശീയ അടിയന്തരാവസ്ഥ ഉണ്ടായാൽ സൈന്യത്തിലേക്ക് ആളെ വിളിക്കേണ്ടി വന്നാൽ ഉപയോഗിക്കാനുള്ള പട്ടിക തയ്യാറാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
Content Highlights: Automatic registration for Selective Service via federal databases starting December 2026., No mandatory military service implemented, only a preparedness measure., Streamlines government processes and reduces administrative costs., Largest structural change to US military registration since the Vietnam War era., Driven by global security concerns and the need for rapid mobilization readiness.