എച്ച്-1ബി വിസയ്ക്ക് ഒരുലക്ഷം ഡോളർ: ട്രംപ് സർക്കാരിന്റെ ഹർജി അപ്പീൽക്കോടതി തള്ളി

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: വിദേശ വിദഗ്ധതൊഴിലാളികൾക്കായി യു.എസ്. നൽകിവരുന്ന എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 96 ലക്ഷം രൂപ) ഫീസ്‌ ചുമത്താനുള്ള ട്രംപ് സർക്കാരിന്റെ നീക്കം തടഞ്ഞ കീഴ്‌ക്കോടതി വിധിക്കെതിരേ സമർപ്പിച്ച ഹർജി അപ്പീൽക്കോടതി തള്ളി. കോൺഗ്രസിന്റെ അനുമതിയില്ലാതെ ചുമത്തിയ ഫീസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജൂൺ എട്ടിന് ജില്ലാക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് അപ്പീൽകോടതി ശരിെവച്ചത്. ഡെമക്രാറ്റ് ഭരണമുള്ള 20 സംസ്ഥാനങ്ങൾ ചേർന്നാണ് ഫീസീടാക്കുന്നതിൽ കേസുകൊടുത്തത്.

തീരുമാനം നിയമവിരുദ്ധമല്ലെന്ന് തെളിയിക്കുന്നതിൽ ട്രംപ് സർക്കാർ പരാജയപ്പെട്ടെന്ന് ബോസ്റ്റൺ ആസ്ഥാനമായുള്ള ഒന്നാം സർക്യൂട്ട് അപ്പീൽ കോടതി വെള്ളിയാഴ്ച വിധിപ്രസ്താവത്തിൽ പറഞ്ഞു.

അതേസമയം, പുതിയ എച്ച്-1ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തിവെക്കാനും ട്രംപ് ഭരണകൂടം ചുമത്തിയ 1,00,000 ഡോളർ ഫീസ് നിയമമാക്കാനും ലക്ഷ്യംവെക്കുന്ന ഒരു ബിൽ മോണ്ടാനയിൽനിന്നുള്ള യു.എസ്. സെനറ്റർ ടിം ഷീഹി സെനറ്റിൽ അവതരിപ്പിച്ചു. ഇന്ത്യയിൽനിന്നടക്കം വിദഗ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ യു.എസ്. കമ്പനികൾ ഏറ്റവുമധികം ആശ്രയിക്കുന്ന വിസയാണ് എച്ച്‌-1 ബി. 2025-ലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഫീസ് വർധിപ്പിച്ചത്. അതുവരെ 2000 മുതൽ 5000 രൂപവരെയായിരുന്നു (ഏകദേശം 1.9 ലക്ഷം മുതൽ 4.8 ലക്ഷം വരെ)ഫീസ്.

Content Highlights: Appeals court upheld the district court ruling blocking the $100,000 H-1B visa fee., The fee hike, introduced via executive order in 2025, was deemed illegal without Congressional approval., Senator Tim Sheehy introduced a new bill to suspend H-1B visas for three years and codify the fee hike., The legal challenge was led by a coalition of 20 Democrat-led states.