മെക്‌സിക്കോയിലെ ഇസ്രയേല്‍ അംബാസഡറെ വധിക്കാന്‍ ഗൂഢാലോചന; പദ്ധതി തകര്‍ത്തെന്ന് യുഎസും ഇസ്രയേലും

#ഓണ്‍ലൈന്‍ ഡെസ്‌ക്
Photo: AFP
Photo: AFP

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഇസ്രയേലിന്റെ അംബാസഡര്‍ ഈനത്ത് ക്രാന്‍സ് നെയ്ഗറിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഈ ഗൂഢാലോചന യുഎസ്, ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മെക്‌സിക്കോ അധികൃതര്‍ തകര്‍ത്തുവെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂണഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആയിരുന്നു ഇതിന് പിന്നിലെന്നും യുഎസ്, ഇസ്രയേല്‍ അധികൃതര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

ഐആര്‍ജിസിയുടെ വിദേശത്തെ ഓപ്പറേഷനുകള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഖുദ്‌സ് ഫോഴ്‌സ് ആണ് കഴിഞ്ഞകൊല്ലം അവസാനത്തോടെ ഈനത്തിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് ദ ടൈംസ് ഓഫ് ഇസ്രയേലും ആക്‌സിയോസും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

2024-ന്റെ അവസാനകാലത്ത് ആരംഭിച്ച് 2025-ന്റെ ആദ്യപകുതിവരെ ഗൂഢാലോചന സജീവമായിരുന്നു. വെനസ്വേലയിലെ ഇറാന്റെ അംബാസഡറുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ഓഫീസര്‍ ഹസന്‍ ഇസാദി ഉള്‍പ്പെട്ടതായിരുന്നു ഗൂഢാലോചന. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ എംബസിയ്ക്കുള്ളില്‍വെച്ചാണ് ഇസാദി ഗൂഢാലോചന ആസൂത്രണം ചെയ്തത്.

ഈനത്തിനെ വധിക്കാനുള്ള ഗൂഢാലോചനയെ ഇല്ലാതാക്കിയെന്നും നിലവില്‍ ഭീഷണിയില്ലെന്നും യുഎസ് അധികൃതരിലൊരാള്‍ പറഞ്ഞു. നയതന്ത്ര പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും മറ്റും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളുടെ അവസാനത്തെ ഉദാഹരണമായിരുന്നു ഈനത്തിന് നേര്‍ക്കുള്ള ഗൂഢാലോചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇസ്രയേല്‍ പ്രതിനിധിയുടെ നേര്‍ക്ക് എന്തെങ്കിലും വിധത്തിലുള്ള ആക്രമണശ്രമമുണ്ടായതിനേക്കുറിച്ച് അറിവില്ലെന്ന് മെക്‌സിക്കോയുടെ വിദേശകാര്യമന്ത്രാലയവും സുരക്ഷാമന്ത്രാലയവും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, മെക്‌സിക്കോയുടെ പരമാധികാര ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് വിദേശസുരക്ഷാ ഏജന്‍സികളുമായി സഹായിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

Content Highlights: us and israeli intelligence helped mexico foil an iranian plot to assassinate israel ambassador to mexico