യുഎസ് ധനസഹായം നിര്‍ത്തി; പഠനം മുടങ്ങി ബൊക്കോ ഹറാമിന്റെ ഭീകരവാദത്തിന് ഇരകളായ കുട്ടികള്‍

മൈദുഗുരി(നൈജീരിയ): ഭീകര സംഘടനയായ ബൊക്കോ ഹറാമിന്റെ ആക്രമണത്തില്‍ വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്ത കുട്ടികളുടെ വിദ്യാഭ്യാസം അനിശ്ചിതാവസ്ഥയില്‍. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സംഘടന പീറ്റര്‍ എന്ന കുട്ടിയുടെ അപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികളുടെ നിസ്സഹായാവസ്ഥ ചര്‍ച്ചയാകുന്നത്. യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) എന്ന സംഘടനയെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടതോടെ കുട്ടികളുടെ പഠനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.
വടക്കു-കിഴക്കന്‍ നൈജീരിയയിലെ ഗ്രാമത്തില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ആക്രമണം നടത്തുമ്പോള്‍ പീറ്ററിന് ആറ് വയസ്സായിരുന്നു. കൊല്ലപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പീറ്ററിന്റെ കുടുംബം അവിടെനിന്നു പലായനം ചെയ്തു. എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പീറ്ററിന് സ്‌കൂളില്‍ തിരികെ പ്രവേശിക്കാനാകുന്നില്ല. 'ഇനി എന്റെ ഭാവി ശോഭനമായിരിക്കി'ല്ല. ഒരു എഞ്ചിനീയറാകാന്‍ ആഗ്രഹമുള്ള പീറ്റര്‍ പറഞ്ഞു. പിതാവിന്റെ ചെറിയ കൃഷിയിടത്തില്‍ സഹായിച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. സ്‌കൂള്‍ ഫീസ് നല്‍കാന്‍ അവര്‍ക്ക് കഴിവില്ലെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഫ്യൂച്ചര്‍ പ്രോവെസ് ഇസ്ലാമിക് ഫൗണ്ടേഷന്‍ നടത്തുന്ന ഒരു സ്‌കൂള്‍, ബോര്‍ണോ സംസ്ഥാനത്തെ 3,000 കുട്ടികള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. നിരവധി പേരെ കൊല്ലുകയും കുടിയൊഴിപ്പിക്കുകയും അനാഥരാക്കുകയും ചെയ്ത ബൊക്കോ ഹറാമുമായുള്ള 16 വര്‍ഷത്തെ സംഘര്‍ഷത്തിന്റെ പ്രഭവ കേന്ദ്രമാണ് ബോര്‍ണോ. അതുകൊണ്ടു തന്നെ സ്‌കൂള്‍ വര്‍ഷങ്ങളായി അടച്ചിടേണ്ട സാഹചര്യം വന്നു. പാശ്ചാത്യ വിദ്യാഭ്യാസം നിരോധിച്ച ബൊക്കോ ഹറാം വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി.
യുഎസ് ആണ് നൈജീരിയയക്ക് വിവിധ മേഖലകളില്‍ സാമ്പത്തിക സഹായം ചെയ്ത് കൊണ്ടിരുന്നത്. അത് വെട്ടിക്കുറച്ചതോടെ നൈജീരിയ, കാമറൂണ്‍, നൈജര്‍, ചാഡ് എന്നിവിടങ്ങളിലെ സാധാരണക്കാരുടെ ജീവിതം കഷ്ടപ്പാടിലായി. ബൊക്കോ ഹറാമിന്റെ ആക്രമണത്തില്‍ ഈ രാജ്യങ്ങളില്‍ 35,000-ത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടുകയും 2.6 ദശലക്ഷം പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുഎസ് സഹായം നിലച്ചതോടെ, 2,200 വിദ്യാര്‍ത്ഥികളില്‍നിന്ന് 700 പേരെയും 20 അധ്യാപകരെയും ഒഴിവാക്കിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പുതിയ പ്രവേശനം നടക്കുന്നില്ലെന്നും കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ അതിജീവനത്തിനായി സഹായ സംഘടനകളെയും വിദേശ പങ്കാളികളെയും വലിയ തോതില്‍ ആശ്രയിച്ചിരുന്നു. 2023-നും 2024-നും ഇടയില്‍ 1.5 ബില്യണ്‍ ഡോളര്‍ നൈജീരിയക്ക് നല്‍കി ആരോഗ്യപരിപാലനം മുതല്‍ വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം വരെയുള്ള നിരവധി പദ്ധതികള്‍ക്ക് യുഎസ്എയ്ഡ് ഫണ്ട് നല്‍കിയിരുന്നു. ഇപ്പോള്‍, പെപ്ഫാര്‍ (PEPFAR) പോലുള്ള ഏതാനും പദ്ധതികള്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
'ദശലക്ഷക്കണക്കിന് നൈജീരിയന്‍ കുട്ടികള്‍ക്ക് പ്രയോജനം നല്‍കിയിരുന്ന യുഎസ്എയ്ഡ് പ്രവര്‍ത്തനം വളരെ വലുതായിരുന്നു. അവരുടെ പെട്ടെന്നുള്ള പിന്‍വാങ്ങല്‍ വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു, അത് അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്.' വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മലാല ഫണ്ടിന്റെ മുന്‍ ആഫ്രിക്ക റീജിയണല്‍ അഡ്വക്കസി മാനേജര്‍ ക്രിസ്റ്റല്‍ ഇകാനി മൂസ പറഞ്ഞു.
അപേക്ഷിച്ച ചില കുട്ടികള്‍ മുന്‍ ബൊക്കോ ഹറാം അംഗങ്ങളാണെന്നും അവര്‍ കൂറുമാറി അക്രമം ഉപേക്ഷിച്ചവരാണെന്നും മുസ്തഫ പറഞ്ഞു. ഒഴിവാക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഇത്തരക്കാര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സ്‌കൂള്‍ സ്ഥാപകന്‍ സന്ന മുസ്തഫ പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയാത്ത കുട്ടികള്‍ തീവ്രവാദ വലയങ്ങളില്‍ അകപ്പെടുമെന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതരും സഹായ സംഘടനകളും.
എന്താണ് ബൊക്കോ ഹറാം
വടക്കു-പടിഞ്ഞാറന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈഡുഗൂരിയില്‍ 2003-ലാണ് ബോക്കോ ഹറാം രൂപം കൊണ്ടത്. നൈജീരിയയ്ക്കുള്ളില്‍ ഇസ്ലാമിക രാജ്യം രൂപവത്കരിക്കാനും സമ്പൂര്‍ണ ശരീയത്ത് നിയമം നടപ്പാക്കാനും ലക്ഷ്യമിട്ട് മുഹമ്മദ് യൂസഫ് എന്ന മതപണ്ഡിതനാണ് സംഘടന രൂപീകരിച്ചത്. രൂപീകരിച്ചെങ്കിലും 2009 മുതല്‍ മാത്രം സജീവമായ സംഘടനയാണ് ബോക്കോഹറാം. മതപാഠങ്ങള്‍ക്കപ്പുറമുള്ള വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നവരാണ് ബോക്കോഹറാം. പാശ്ചാത്യവിദ്യാഭ്യാസം, പരിണാമ സിദ്ധാന്തം, ബിഗ് ബാങ് സിദ്ധാന്തം എന്നിവയോടുള്ള നിരന്തരമായ എതിര്‍പ്പിലൂടെയാണ് സംഘടന ശ്രദ്ധയാര്‍ജിക്കുന്നത്. പ്രാദേശികഭാഷയായ ഹൗസയില്‍ ബോക്കോ ഹറാം എന്നതിന് പാശ്ചാത്യവിദ്യാഭ്യാസം പാപമാണ് എന്നാണ് അര്‍ഥം. 2009-ല്‍ അബൂബക്കര്‍ ഷെകാവു തലപ്പത്ത് എത്തിയതിന് ശേഷമാണ് സംഘടന അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. ആയിരക്കണക്കിന് ആളുകളെ വധിച്ചും സ്‌കൂളുകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുയര്‍ത്തിയും പോലീസിനും പട്ടാളത്തിനും മതപണ്ഡിതന്മാര്‍ക്ക് നേരെയും ആക്രമണമഴിച്ചുവിട്ടും സംഘടന വളര്‍ന്നു. 2013-ല്‍ യുഎസ് വിദേശകാര്യ വകുപ്പ് ബോക്കോ ഹറാമിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
2014 ഏപ്രിലിലാണ് നൈജീരിയയില്‍ മുന്നൂറോളം പെണ്‍കുട്ടികളെ ചിബോകിലെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം പുറത്തുവന്നത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ബോക്കോ ഹറാം ആയിരുന്നു. പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ അമേരിക്കയും ചൈനയുമുള്‍പ്പെടെയുള്ള വന്‍ ലോകശക്തികളും ഇടപെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലുക്ക് ജോനാഥനെതിരേ വലിയ പ്രതിഷേധങ്ങളായിരുന്നു രാജ്യത്തിനകത്ത് നടന്നത്. തട്ടിക്കൊണ്ടുപോകലിന് ഇരയായ കുട്ടികളെല്ലാം സെക്കണ്ടറി സ്‌കൂളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടാന്‍ പാടില്ലെന്ന വിലക്കുകള്‍ ലംഘിച്ചാണ് ഇവരെല്ലാം സ്‌കൂളുകളില്‍ പോയതെന്ന് ബോക്കോ ഹറാം ആരോപിച്ചിരുന്നു. അതിനിടെ കുട്ടികളെ മതംമാറ്റിയതായി ബോക്കോ ഹറാം വീഡിയോ പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി.
കുട്ടികളെ അടിമച്ചന്തയില്‍ വില്‍ക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍ നടന്ന് ആറ് മാസത്തിന് ശേഷവും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല. അതിനിടെ ഇവരെ വിവാഹം കഴിപ്പിച്ചതായി വ്യക്തമാക്കി സംഘടന വീഡിയോയും പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയ 276 പേരില്‍ 57 പേര്‍ പലപ്പോഴായി രക്ഷപ്പെട്ടിരുന്നു. 107 കുട്ടികളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ രക്ഷിച്ചെങ്കിലും നൂറിലധികം പേരെ കുറിച്ചുള്ള വിവരം പിന്നീട് ലഭിച്ചില്ല. ചിലര്‍ ബോക്കോ ഹറാം കസ്റ്റഡിയിലിരിക്കെ തന്നെ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോക്കോ ഹറാമിന് അന്താരാഷ്ട്രതലത്തില്‍ കുപ്രസിദ്ധി നേടിക്കൊടുത്ത സംഭവമായിരുന്നു ഇത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ 15 ലക്ഷം കുട്ടികകളുടെ വിദ്യാഭ്യാസം തകര്‍ക്കാന്‍ ബോക്കോ ഹറാം കാരണമൊരുക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ യൂനിസെഫ് പുറത്തുവിട്ടിരുന്നു. ലോകത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത കോടിക്കണക്കിന് കുട്ടികളില്‍ ഭൂരിഭാഗവും നൈജീരിയയിലാണ്.
Content Highlights: Funding cuts force Nigerian school for Boko Haram victims to drop students