എണ്ണ മറിച്ചുവിറ്റ് ഇന്ത്യ കൊള്ളലാഭം ഉണ്ടാക്കുന്നെന്ന് US; ലക്ഷ്യം റിലയൻസും നയാരയും, കണക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധികതീരുവ ചുമത്തുകയും ഇതേകാര്യം ചെയ്യുന്ന ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതിൽ വിചിത്രമായ വിശദീകരണവുമായി കഴിഞ്ഞദിവസം യുഎസ് രംഗത്തെത്തിയിരുന്നു. റഷ്യന്‍ എണ്ണ മറിച്ചുവിറ്റ് ഇന്ത്യ വന്‍ ലാഭംകൊയ്യുകയും അതുവഴി ശതകോടികള്‍ സമ്പാദിക്കുകയും ചെയ്യുന്നതിനാലാണ് ഇന്ത്യയ്ക്കുമേല്‍ പിഴ തീരുവകൂടി ചുമത്തിയതെന്നായിരുന്നു യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ പ്രസ്താവന.
ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനികളെ പ്രത്യേകിച്ചും റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും നയാര എനര്‍ജിയേയും ലക്ഷ്യമിട്ടാണ് യുഎസിന്റെ ഈ ആരോപണം. ഇവരാണ് യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച ഇന്ധന കയറ്റുമതിയുടെ വലിയൊരു പങ്ക് വഹിക്കുന്നത്.
റഷ്യന്‍ എണ്ണയില്‍നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ കൊള്ളലാഭം നേടുകയാണെന്നാണ് യുഎസിന്റെ നേരിട്ടുള്ള ആരോപണം. റഷ്യയില്‍നിന്ന് കുറഞ്ഞവിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങി അത് ശുദ്ധീകരിച്ച് ആ ഉത്പന്നങ്ങള്‍ റഷ്യയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയ യൂറോപ്പിലേക്കും മറ്റിടങ്ങളിലേക്കും മറിച്ചുവില്‍ക്കുന്നതില്‍ ഇടനിലക്കാരായി നില്‍ക്കുകയാണ് ഇന്ത്യയെന്നാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ആരോപണം.
ബ്ലൂംബെര്‍ഗിന്റെയും കെപ്ലറിന്റെയും കണക്കനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയും 6000 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള പെട്രോളിയം ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1500 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഈ കമ്പനികള്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതിചെയ്തിരിക്കുന്നത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2024 ഡിസംബറില്‍ റഷ്യയിലെ റോസ്നെഫ്റ്റുമായി ഒരു ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചിരുന്നു. പ്രതിവര്‍ഷം 1200-1300 കോടി ഡോളര്‍ വിലമതിക്കുന്നതാണ് ഈ കരാര്‍. 10 വര്‍ഷത്തേക്ക് പ്രതിദിനം 5,00000 ബാരല്‍ വരെ ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറാണ് ഇത്.
റോസ്നെഫ്റ്റിന്റെ സഹ ഉടമസ്ഥതയിലുള്ള നയാര എനര്‍ജിയും റഷ്യന്‍ എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. കെപ്ലറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ആയപ്പോഴേക്കും നയാരയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 72 ശതമാനവും റഷ്യയില്‍നിന്നാണ്. 2022-ല്‍ ഇത് വെറും 27 ശതമാനം മാത്രമായിരുന്നു.
2025-ന്റെ ആദ്യ പകുതിയില്‍ നയാര ഏകദേശം 30 ലക്ഷം മെട്രിക് ടണ്‍ ഇന്ധനം കയറ്റുമതി ചെയ്തുകഴിഞ്ഞു. മൊത്തം ഉത്പാദനത്തിന്റെ 30 ശതമാനം വരുമിത്. ഇതേകാലയളില്‍ റിലയന്‍സ് 2.1 കോടി ടണ്ണിലധികം ഇന്ധനമാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.
2022 ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനു ശേഷം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ വര്‍ധനവാണുള്ളത്. യുദ്ധത്തിന് മുമ്പ് ഇന്ത്യ പ്രതിദിനം 68,000 ബാരല്‍ മാത്രമേ വാങ്ങിയിരുന്നുള്ളൂവെന്നാണ് കെപ്ലറിന്റെ കണക്കുകള്‍ പറയുന്നത്. എന്നാല്‍, 2023 മേയ് മാസത്തില്‍ ഇത് 21.5 ലക്ഷം ബാരലായി വര്‍ധിച്ചു. 2025 ജൂലായില്‍ പ്രതിദിനം 17.8 ലക്ഷം ബാരലാണ് ഇന്ത്യ വാങ്ങിയത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 36 ശതമാനം ഇപ്പോള്‍ വിതരണം ചെയ്യുന്നത് റഷ്യയാണ്. യുക്രൈന്‍ സംഘര്‍ഷത്തിനു മുമ്പ് ഇത് വെറും 0.2 ശതമാനം മാത്രമായിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികളും റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നിരുന്നാലും അവ പ്രധാനമായും ആഭ്യന്തര ആവശ്യങ്ങള്‍ക്കായാണ്. എന്നാല്‍ ഇതിനു വിപരീതമായി, സ്വകാര്യ കമ്പനികള്‍ യൂറോപ്പിലേക്കും മറ്റ് വിപണികളിലേക്കും ഇന്ധനം കയറ്റുമതി ചെയ്യുന്നുണ്ട്.
Content Highlights: US alleges Indian refiners, especially Reliance and Nayara, are making huge profits by reselling