ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍

ന്യൂയോര്‍ക്ക്: ഖത്തറില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍. ഇസ്രയേലിന്റെ പേര് പറയാതെയാണ് സുരക്ഷാ കൗണ്‍സില്‍ ആക്രമണത്തെ അപലപിച്ചത്. പ്രമേയത്തെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള 15 അംഗങ്ങള്‍ അംഗീകരിച്ചു. ഖത്തറിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും ചൂണ്ടിക്കാട്ടി.
ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, അമേരിക്ക തുടങ്ങിയ സ്ഥിരാംഗങ്ങള്‍ക്ക് പുറമേ 10 താത്കാലിക അംഗങ്ങള്‍ കൂടി ചേര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍. അല്‍ജീരിയ, ഡെന്മാര്‍ക്ക്, ഗ്രീസ്, പാകിസ്താന്‍ എന്നിവയാണ് താത്കാലിക അംഗങ്ങള്‍.
കഴിഞ്ഞദിവസമാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒരു കേന്ദ്രം ലക്ഷ്യമാക്കി 15 പോര്‍വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങളുടെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും അത്യാഹിതം സംഭവിച്ചിട്ടില്ലെന്നും ഹമാസ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഖത്തറിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: un security council condemns doha attack by israel