യുദ്ധത്തിന് ഫണ്ട് വേണം; പോണോഗ്രഫി നിയമവിധേയമാക്കാൻ യുക്രൈൻ, നിരോധനം മാറി നികുതിവരും

ക്വീവ്: യുക്രൈനിൽ പോണോഗ്രഫി നിയമവിധേയമാക്കാനും അതുവഴി ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കാനും ആലോചിക്കുന്നതായി റിപ്പോർട്ട്. റഷ്യയുമായുള്ള യുദ്ധത്തെത്തുടർന്ന് തകർന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഈ നീക്കം. രാജ്യത്തിന് വരുമാനം കണ്ടെത്താനാകുമെന്നതിന് പുറമേ, പോണോഗ്രഫിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ നേരിടുന്ന നിയമപരമായ നൂലാമാലകൾ അവസാനിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.
വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. യുക്രൈനിൽ നിലവിൽ പോണോഗ്രഫി ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാർലമെന്റിന്റെ ധനകാര്യ സമിതിയാണ് ഈ നിയമനിർമാണത്തിന് നേതൃത്വം നൽകുന്നത്. പോണോഗ്രഫി നിയമവിധേയമാക്കി നികുതി ചുമത്തുന്നതിലൂടെ പ്രതിവർഷം 25 ദശലക്ഷം ഡോളർവരെ സർക്കാരിന് സമാഹരിക്കാനാവുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. ഏതാണ്ട് 30,000 ഡ്രോണുകൾ വാങ്ങാൻ ഈ പണം ഉപകരിക്കുമെന്ന് പാർലമെന്റ് ധനകാര്യ സമിതി അധ്യക്ഷൻ യാരോസ്ലാവ് ഷെലെസ്‌നിയാക് പറഞ്ഞു.
നിലവിലെ നിരോധനം പോലീസിനും അധികൃതർക്കും വൻതോതിൽ അഴിമതിക്ക് വഴിയൊരുക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. മൂന്ന് പ്രവിശ്യകളിലെ പോലീസ് ഡിപ്പാർട്ട്മെന്റുകൾ ഇത്തരം സ്റ്റുഡിയോകളിൽനിന്ന് പ്രതിമാസം 20,000 ഡോളറിലധികം കൈക്കൂലി വാങ്ങിയിരുന്നതായി മേയ് മാസത്തിൽ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫീസ് കണ്ടെത്തിയിരുന്നു. ഇതിനുപുറമെ വ്യക്തിഗത ക്രിയേറ്റർമാരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തുകയും പണം പിടിച്ചെടുക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിയമപരമായ ഈ പ്രതിസന്ധിമൂലം ഭൂരിഭാഗം ക്രിയേറ്റർമാരും മറ്റു രാജ്യങ്ങളിലിരുന്നാണ് ഉള്ളടക്കം ചിത്രീകരിക്കുന്നത്.
ഒൺലി ഫാൻസ് ക്രിയേറ്ററായ സവിറ്റ്‌ലാന ദ്വോർനിക്കോവ, പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിയുടെ വെബ്‌സൈറ്റിൽ നൽകിയ ഒരു പരാതിയാണ് ഈ വിഷയത്തെ മുഖ്യധാരയിലെത്തിച്ചത്. ലക്ഷക്കണക്കിന് ഡോളർ നികുതി നൽകുന്ന തങ്ങളെ കുറ്റവാളികളായി കാണാതെ, രാജ്യത്തിന്റെ പ്രതിരോധത്തിന് തങ്ങൾ നൽകുന്ന സംഭാവന അംഗീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പരാതിയിൽ നിരവധി പേർ ഒപ്പുവെച്ചതോടെ പാർലമെന്റ് ഈ വിഷയം പരിഗണിക്കുമെന്ന് സെലെൻസ്‌കി ഉറപ്പുനൽകുകയായിരുന്നു.