റഷ്യയെ ലക്ഷ്യമിട്ട് യുക്രൈൻ വ്യോമാക്രമണം; ആറ് പേർ മരിച്ചു, 800-ലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി ഞായറാഴ്ച യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മോസ്കോയിലെ പൊഡോൾസ്കിലുള്ള പ്രശസ്ത ഇ-കൊമേഴ്സ് സ്ഥാപനമായ വൈൽഡ്ബെറീസ് ലോജിസ്റ്റിക്സിന്റെ ഗോഡൗണിൽ വൻ തീപ്പിടുത്തമുണ്ടായി. ഗോഡൗണിൽനിന്നുയർന്ന പുക നഗരത്തിലാകെ വ്യാപിച്ച ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തിൽ റോസ്തോവ് മേഖലയിൽ അഞ്ച് പേരും മോസ്കോയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ദോമോദെദോവോയിലെ ഒരു മരുന്ന് നിർമാണ കമ്പനിയുടെ ഗോഡൗണിലും വോസ്ക്രസെൻസ്കിലെ വ്യവസായ കേന്ദ്രത്തിലും വ്യോമാക്രമണത്തെത്തുടർന്ന് തീപ്പിടുത്തമുണ്ടായി. ആക്രമണത്തിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 822 യുക്രൈൻ ഡ്രോണുകൾ റഷ്യൻ സൈന്യം വെടിവെച്ചിട്ടതായി മേയർ സെർജി സോബിയാനിൻ വ്യക്തമാക്കി.
ആക്രമണത്തിന് തിരിച്ചടിയായി റഷ്യൻ സൈന്യം കീവ്, ക്രിവി റിഹ്, സുമി തുടങ്ങിയ യുക്രൈൻ നഗരങ്ങളിൽ വ്യോമാക്രമണങ്ങൾ നടത്തി. ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി പറഞ്ഞു. ഇതിനിടെ, റൊമാനിയൻ വ്യോമാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച ഒരു ഡ്രോൺ, സ്പാനിഷ് സൈന്യം വെടിവെച്ചിട്ടതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് ഏത് രാജ്യത്തിന്റേതാണെന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Content Highlights: Ukraine launched a massive drone attack targeting Moscow and other Russian regions., Six people were reported dead, including five in Rostov and one in Moscow., A massive logistics warehouse of Wildberries in Podolsk caught fire after being hit., Russia retaliated with missile and drone strikes on Ukrainian cities like Kyiv, Kryvyi Rih, and Sumy, killing three.