ഗ്രേ ലിസ്റ്റ്: എഫ്എടിഎഫ് പ്ലീനറിയില്‍ പാകിസ്താനെ പിന്തുണച്ചത് തുര്‍ക്കി മാത്രമെന്ന് വെളിപ്പെടുത്തല്‍
പാരിസ്: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ന്റെ വെള്ളിയാഴ്ച ചേര്‍ന്ന പാരീസ് പ്ലീനറി സമ്മേളനത്തില്‍ പാകിസ്താനുവേണ്ടി സംസാരിക്കുകയും ആ രാജ്യത്തെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് തുര്‍ക്കി മാത്രമാണെന്ന് വെളിപ്പെടുത്തല്‍. 39 അംഗ രാജ്യങ്ങളില്‍ തുര്‍ക്കി ഒഴികെയുള്ള എല്ലാ അംഗങ്ങളും പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തുന്നതിനെയാണ് അനുകൂലിച്ചതെന്ന് പാരീസിലെയും ബ്രസല്‍സിലെയും നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കള്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്എടിഎഫ്. സംഘടന മുന്നോട്ടുവച്ച 27 നിബന്ധനകളില്‍ 21 എണ്ണം മാത്രമാണ് പാകിസ്താന് പാലിക്കാന്‍ കഴിഞ്ഞത്. ഇതിനുവേണ്ടി അനുവദിച്ച സമയപരിധികളെല്ലാം അവസാനിച്ച സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിലനിര്‍ത്തുന്നതിനെ തുര്‍ക്കി ഒഴികെയുള്ള രാജ്യങ്ങളെല്ലാം അനുകൂലിച്ചു. ഒക്ടോബര്‍ 21 മുതല്‍ 23 വരെ നടന്ന പാരീസ് പ്ലീനറിയിലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍തന്നെ നിലനിര്‍ത്താന്‍ തീരുമാനമായത്.
2021 ഫെബ്രുവരിയിലേ ഇനി ഇക്കാര്യത്തില്‍ പുനഃപരിശോധന ഉണ്ടാവൂ. പ്ലീനറിക്ക് മുമ്പ് നടന്ന ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ റിവ്യൂ ഗ്രൂപ്പ് (ഐസിആര്‍ജി) യോഗത്തില്‍ തുര്‍ക്കിക്ക് പുറമെ ചൈനയും സൗദി അറേബ്യയും സാങ്കേതിക കാരണങ്ങള്‍ നിരത്തി പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ പ്ലീനറിയില്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ തയ്യാറായത് തുര്‍ക്കി മാത്രമാണ്. പ്രതിരോധ രംഗത്ത് സഹകരിക്കാനുള്ള നീക്കത്തിലാണ് തുര്‍ക്കിയും പാകിസ്താനും.
എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന രാജ്യത്തിന് അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍നിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഗ്രേ ലിസ്റ്റില്‍നിന്ന് പുറത്ത് കടക്കാനുള്ള നീക്കങ്ങള്‍ നടത്തുമ്പോഴും നിരവധി ഭീകര സംഘടനകളും അധോലോക കുറ്റവാളികളും പാകിസ്താനില്‍തന്നെ തുടരുകയാണ്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മസൂദ് അസ്ഹര്‍ തുടങ്ങിയവരാണ് പാകിസ്താന്‍ കേന്ദ്രമാക്കി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
കടപ്പാട് - Hindustan Times
Content Highlights: Turkey alone supported Pakistan for removal from gray list in FATF meeting
Content Highlights: