സ്വാതന്ത്ര്യം പ്രഖ്യാപിക്കരുതെന്ന് ട്രംപ്; തങ്ങൾ ‘ചൈനയുടെ ആശ്രിതരല്ലെ’ന്ന് തയ്‌വാൻ

വാഷിങ്ടൺ: തയ്‌വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കരുത് എന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനാ സന്ദർശനത്തിനുശേഷമാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, തയ്‌വാൻ സ്വതന്ത്ര, പരമാധികാര ജനാധിപത്യരാജ്യമാണെന്നും ചൈനയുടെ ആശ്രിതരല്ലെന്നും തയ്‌വാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
തയ്‌വാനെ പിന്തുണയ്ക്കരുതെന്ന് വെള്ളിയാഴ്ച അവസാനിച്ച രണ്ടുദിവസത്തെ ചൈനാസന്ദർശനവേളയിൽ ട്രംപിനോട് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞിരുന്നു. തയ്‌വാന്റെ കാര്യത്തിൽ ഇടപെട്ടാൽ ഉഭയകക്ഷിബന്ധം അപകടകരമാംവിധം മോശമാകുമെന്ന് മുന്നറിയിപ്പും നൽകി.
ഇതിനുപിന്നാലെയാണ് “ആരെങ്കിലും സ്വതന്ത്രരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു യുദ്ധം ചെയ്യണമെങ്കിൽ നാം 9,500 മൈൽ (ഏകദേശം 15,300 കിലോമീറ്റർ) സഞ്ചരിക്കണം. എനിക്കതിനു താത്പര്യമില്ല” എന്ന് ‘ഫോക്സ് ന്യൂസ്’ പരിപാടിയിൽ ട്രംപ് പറഞ്ഞത്.
തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്ന തയ്‌വാനെ പിടിച്ചെടുക്കുമെന്ന് ഷി ജിൻപിങ് മുൻപ് പറഞ്ഞിട്ടുണ്ട്. അങ്ങനെസംഭവിച്ചാൽ തയ്‌വാന്റെ സഹായത്തിനെത്തുമെന്നാണ് യു.എസിന്റെ വാഗ്ദാനം.
ഒരൊറ്റ ചൈനയേ ഉള്ളൂവെന്നും തയ്‌വാനും ഹോങ്‌കോങ്ങും അതിന്റെ ഭാഗമാണെന്നുമാണ് ചൈനയുടെ നയം. വർഷങ്ങളായി ഇതിനെ അംഗീകരിക്കുന്ന യു.എസ്., തയ്‌വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. എന്നാൽ, തയ്‌വാന്റെ സ്വാതന്ത്ര്യത്തോടുള്ള എതിർപ്പ് ആദ്യമായാണ് പരസ്യമായി പ്രകടിപ്പിക്കുന്നത്.
തയ്‌വാന്റെ ആത്മരക്ഷയ്ക്ക് ആയുധങ്ങൾ നൽകണമെന്നാണ് യു.എസിന്റെ നിയമം. എന്നാൽ, ആക്രമണമുണ്ടായാൽ തയ്‌വാനിലേക്ക് സൈന്യത്തെ അയക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
1400 കോടി ഡോളറിന്റെ പടക്കോപ്പുകൾ തയ്‌വാനു കൈമാറാൻ യു.എസ്. കോൺഗ്രസ് ജനുവരിയിൽ അനുമതിനൽകിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ല എന്നാണ് വെള്ളിയാഴ്ച വാഷിങ്ടണിലേക്കു മടങ്ങവേ ട്രംപ് വാർത്താലേഖകരോടു പറഞ്ഞത്.
Content Highlights: Trump publicly opposes Taiwan declaring official independence., Xi Jinping urged Trump to cease support for Taiwan during his China visit., US policy maintains the 'One China' principle while providing defensive arms to Taiwan., Trump expresses reluctance to engage in military conflict over Taiwan's status.