‘ജനങ്ങളെ കൊന്നാൽ അവിടെ വന്ന് തീർക്കും’; ഹമാസിന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: ഗാസയിൽ ഹമാസ് കൊലപാതകം തുടർന്നാൽ അവിടെച്ചെന്ന് അവരെ കൊല്ലുകയല്ലാതെ മറ്റ് മാർഗങ്ങളുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വെടിനിർത്തൽ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പിൽ തങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടയിലാണിത്. യുദ്ധസമയത്ത് ഇസ്രയേലി സേനയുമായി സഹകരിച്ചുവെന്ന് കരുതുന്ന പലസ്തീനികളെയാണ് ഹമാസ് ലക്ഷ്യമിടുന്നത്.

'കരാറിൽ ഇല്ലാതിരുന്ന ഒന്നാണ് ഗാസയിൽ ഹമാസ് ആളുകളെ കൊല്ലുന്നത്. അത് തുടർന്നാൽ, അകത്തു കയറി അവരെ കൊല്ലുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗങ്ങളുണ്ടാകില്ല.' ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. എന്നാൽ, യുഎസ് സൈന്യം ഇതിൽ പങ്കെടുക്കില്ലെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. 'അത് ഞങ്ങളായിരിക്കില്ല, ഞങ്ങൾക്ക് ചെയ്യേണ്ടി വരില്ല. ഞങ്ങളോട് വളരെ അടുത്തുള്ള ആളുകളുണ്ട്, അവർ പോയി ആ ജോലി വളരെ എളുപ്പത്തിൽ ചെയ്യും. പക്ഷേ, അത് ഞങ്ങളുടെ മേൽനോട്ടത്തിലായിരിക്കും.' ട്രംപ് പറഞ്ഞു.

ഗാസയിൽ ഹമാസ് എതിർസംഘങ്ങളെ അടിച്ചമർത്തുന്നുവെന്ന ആദ്യ റിപ്പോർട്ടുകളെ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. പരസ്യമായ വധശിക്ഷയുടെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴും ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വളരെ മോശക്കാരായ ചില സംഘങ്ങളെ അവർ ഇല്ലാതാക്കിയെന്നും അത് കുഴപ്പമില്ലെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

കരാറിലെ വ്യവസ്ഥകൾ ഹമാസ് പാലിച്ചില്ലെങ്കിൽ ഇസ്രയേലിനെ പോരാട്ടം പുനരാരംഭിക്കാൻ അനുവദിക്കുമെന്ന് കർശനമായ ഭാഷയിൽ ട്രംപ് സൂചിപ്പിച്ചു. താൻ ഒരു വാക്ക് പറഞ്ഞാലുടൻ യുദ്ധം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ ഒരു വാക്ക് പറഞ്ഞാലുടൻ ഇസ്രയേൽ ആ തെരുവുകളിലേക്ക് തിരിച്ചെത്തും. ഇസ്രയേലിന് അകത്തുകയറി അവരെ ഇടിച്ചുനിരത്താൻ കഴിയുമെങ്കിൽ അവരത് ചെയ്യും.' ട്രംപ് സിഎൻഎൻ അവതാരകനോട് പറഞ്ഞു.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നത് വൈകുന്നതിൽ ഹമാസ് കരാർ ലംഘിച്ചുവെന്ന് ഇസ്രയേൽ ആരോപിച്ചിട്ടുണ്ട്.

Content Highlights: Former US President Donald Trump issues a stern warning to Hamas, stating they will face direct retribution if they continue killing people in Gaza and violate agreements. He clarified US military involvement.