'ഇന്ത്യ സുഹൃത്ത് എന്നത് ശരിയാണ്, പക്ഷെ...' ട്രംപിന്റെ തീരുവയിൽ കേരളം നേരിടുക വൻ തൊഴിൽനഷ്ടം

#സ്വന്തംലേഖകർ
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും. ഫോട്ടോ: എ.പി.
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും. ഫോട്ടോ: എ.പി.

മുംബൈ/ ന്യൂഡൽഹി: വിവിധ രാജ്യങ്ങൾക്കുള്ള യുഎസിന്റെ പകരച്ചുങ്കം പ്രാബല്യത്തിൽവരാൻ ഒരുദിവസം ശേഷിക്കേ, ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവചുമത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിന് തീരുവ നിലവിൽവരും.

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെപേരിൽ ഇന്ത്യക്ക്‌ പിഴച്ചുങ്കം ചുമത്തുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, ഇത് എത്രയെന്ന്‌ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയിൽനിന്ന് ഇന്ത്യ വലിയതോതിൽ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്ത്യയുടെ വ്യാപാരനയങ്ങൾ അതികഠിനവും അസഹനീയവുമാണെന്ന് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുക്രൈനിലെ കൂട്ടക്കൊല നിർത്താൻ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തിൽപ്പോലും റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും കുറ്റപ്പെടുത്തി. “ഇന്ത്യ സുഹൃത്താണെന്നതു ശരിയാണ്. ലോകത്തിൽ ഏറ്റവും ഉയർന്ന തീരുവയാണ് ഇന്ത്യയുടേത്” -ട്രംപ് പറഞ്ഞു.വിദേശരാജ്യങ്ങൾ യുഎസിൽനിന്നീടാക്കുന്ന തീരുവയ്ക്കു പകരമുള്ള ട്രംപിന്റെ തീരുവ ഓഗസ്റ്റ് ഒന്നിനാണ് നിലവിൽവരുന്നത്. ചർച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാൽ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ഇന്ത്യയും യുഎസും വ്യാപാരച്ചർച്ച ഊർജിതമാക്കിയിരുന്നു. എന്നാൽ, ക്ഷീര, കാർഷിക വിപണികൾ യുഎസിനു തുറന്നുനൽകുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചർച്ച പ്രതിസന്ധിയിലായി.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ്‌ പ്രസിഡന്റുമായി സംസാരിച്ചേക്കും. വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്റെ പ്രഖ്യാപനം വിലയിരുത്തി.

കേരളം നേരിടുക വൻ തൊഴിൽനഷ്ടം

കേരളത്തിൽനിന്ന് അമേരിക്കയിലേക്കു കൂടുതലും കയറ്റുമതി ചെയ്യുന്നത് സമുദ്രോത്പന്നം, കയർ, കയറുത്പന്നം, റെഡിമെയ്ഡ് വസ്ത്രം, സുഗന്ധവൃഞ്ജം, കറിപ്പൊടി, സുഗന്ധവൃഞ്ജന സത്ത്, കശുവണ്ടിപ്പരിപ്പ്, കാപ്പി, തേയില, പഴങ്ങൾ തുടങ്ങിയവയാണ്. ഇവയുടെയെല്ലാം കയറ്റുമതി അസാധ്യമാക്കുന്നതാണ് ട്രംപിന്റെ ചുങ്കം. നൂറുകണക്കിനു സംരംഭങ്ങളിലെ ലക്ഷക്കണക്കിനു തൊഴിൽനഷ്ടമാകും കേരളം നേരിടുക.

Content Highlights: US Imposes 25% Tariff on Indian Goods, Trade Tensions Escalate