പത്ത് മാസത്തിനുള്ളിൽ അവസാനിപ്പിച്ചത് എട്ട് യുദ്ധങ്ങൾ, അതിനുകാരണം ‘താരിഫ്’ ഭീഷണി; ഇഷ്ടപ്പെട്ട വാക്ക് പരിചയപ്പെടുത്തി ട്രംപ്

ന്യൂയോർക്ക്: ഭരണകാലത്തെ ഇഷ്ടപ്പെട്ട വാക്ക് പരിചയപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ താൻ എട്ട് യുദ്ധങ്ങൾ വിജയകരമായി അവസാനിപ്പിച്ചു എന്നതാണ് ഏറ്റവും കൂടുതൽ ആവർത്തിച്ച വാക്കെന്നും അതിനുകാരണമായ 'താരിഫുകൾ' എന്ന പദമാണ് ഇഷ്ടപ്പെട്ട വാക്കെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഭരണനേട്ടങ്ങളെ വിവരക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ തുറന്നുപറച്ചിൽ.
കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ താൻ എട്ട് യുദ്ധങ്ങൾ വിജയകരമായി അവസാനിപ്പിച്ചതിന് കാരണം താരിഫുകളാണെന്ന് ട്രംപ് അവകാശപ്പെട്ടു. തൻ്റെ വ്യാപാര നയങ്ങൾ അമേരിക്കയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെങ്കിലും, കാനഡ, മെക്സിക്കോ, ബ്രസീൽ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏർപ്പെടുത്തിയ താരിഫുകൾ യുഎസിൻ്റെ സമ്പദ്‌വ്യവസ്ഥയെ സഹായിച്ചുവെന്ന് ട്രംപ് പറഞ്ഞു. താരിഫുകൾ കാരണം ആരും പ്രതീക്ഷിക്കാത്തത്ര പണം നേടാൻ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കിയെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് 3,000 വർഷത്തിനിടെ ആദ്യമായി സമാധാനം കൊണ്ടുവന്നുവെന്നും ബന്ദികളെ മോചിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
മെയ് മാസത്തിൽ ഇന്ത്യയും പാകിസ്കാനും തമ്മിലുണ്ടായ സംഘർഷത്തിൽ വെടിനിർത്തൽ നടപ്പിലാക്കാൻ താരിഫ് ഭീഷണി ഉപയോഗിച്ചുവെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യ ഈ അവകാശവാദത്തെ തള്ളിക്കളയുകയായിരുന്നു.
കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് അമേരിക്കയിൽ നടത്തിയ സർവ്വേ അനുസരിച്ച്, ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നടപടികളെ 33 ശതമാനം അമേരിക്കൻ പൗരന്മാർ മാത്രമാണ് അംഗീകരിക്കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് യാതൊരു വിശദീകരണവും നൽകാതെയുള്ള ട്രംപിന്റെ നടപടികൾ സാമ്പത്തിക വിദഗ്ധരിൽനിന്നും പ്രതിഷേധമുയർത്തുന്നുണ്ട്.
Content Highlights: Donald Trump reveals `tariffs` as his favorite word, claiming they ended 8 wars and boosted the US economy. He discusses trade policies, Iran, Gaza, and more.