വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ എല്ലാ പിന്തുണയും നഷ്ടമാകും: ഇസ്രയേലിന് ട്രംപിന്റെ മുന്നറിയിപ്പ്

നെതന്യാഹു, ട്രംപ്| Photo: AP
നെതന്യാഹു, ട്രംപ്| Photo: AP

വാഷിങ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്ന നടപടിയുമായി ഇസ്രയേൽ മുന്നോട്ട് പോവുകയാണെങ്കിൽ അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്നും അറബ് രാജ്യങ്ങൾക്ക് താൻ അത് വാക്ക് നൽകിയിട്ടുണ്ടെന്നും ട്രംപ് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇപ്പോൾ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് ഇസ്രയേലിന് ട്രംപ് മുന്നറിയിപ്പ് നൽകി. നമുക്ക് അറബ് രാജ്യങ്ങളുടെ വലിയ പിന്തുണയുണ്ടായിരുന്നു. ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കില്ലെന്ന് അറബ് രാജ്യങ്ങൾക്ക് താൻ വാക്ക് നൽകിയിട്ടുണ്ട്. അത് നടക്കില്ലെന്നും അങ്ങനെ സംഭവിച്ചാൽ ഇസ്രായേലിന് അമേരിക്കയിൽ നിന്നുള്ള എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്നും ട്രംപ് പറഞ്ഞു. സൗദി അറേബ്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് വളരെ അടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം അവസാനത്തോടെ സൗദി, അബ്രഹാം കരാറിൽ ചേർന്നേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വിഷയത്തിൽ ഇസ്രയേൽ പാർലമെൻ്റ് നെസറ്റിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിനെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ശക്തമായി വിമർശിച്ചു. ഇത് ഗാസയ്ക്കായുള്ള ട്രംപിന്റെ സമാധാന പദ്ധതിക്ക് വിരുദ്ധമാണെന്നാണ് അമേരിക്കൻ നയം. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നത് സംബന്ധിച്ച് നെസറ്റിൽ നടന്ന പാർലമെന്ററി വോട്ടെടുപ്പിനെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും വിമർശിച്ചിരുന്നു. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലനിർത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ അപമാനിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറ‍ഞ്ഞു.

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള പ്രാഥമിക വോട്ടെടുപ്പ് ഇസ്രയേൽ പാർലമെന്റ് ബുധനാഴ്ചയാണ് കഷ്ടിച്ച് പാസാക്കിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എതിർത്തെങ്കിലും പാർലമെന്റിലെ തീവ്രനിലപാടുകാരാണ് ബില്ലിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വാൻസിന്റെ ഇസ്രയേൽ സന്ദർശന വേളയിൽ നെതന്യാഹുവിനെ വെട്ടിലാക്കാനുള്ള ശ്രമമായാണ് ഇത് പരക്കെ വിലയിരുത്തപ്പെടുന്നത്. ഇത് വ്യക്തിപരമായി തനിക്ക് അപമാനമായി തോന്നുന്നുവെന്നും വെസ്റ്റ് ബാങ്ക് ഇസ്രയേൽ പിടിച്ചെടുക്കരുത് എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ നയമെന്നും വാൻസ് വ്യക്തമാക്കി.

പലസ്തീനിലെ ഏറ്റവും വലിയ ഭൂപ്രദേശമാണ് വെസ്റ്റ് ബാങ്ക്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് മുമ്പും ട്രംപ് വ്യക്തമാക്കിയിരുന്നു. 1967-ലെ ആറുദിന യുദ്ധത്തിന് ശേഷമാണ് ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്തത്. തുടർന്നുവന്ന സർക്കാരുകൾ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇസ്രയേൽ കുടിയേറ്റങ്ങൾ വികസിപ്പിക്കുകയും വലിയ ഭൂപ്രദേശങ്ങൾ ഗവൺമെന്റ് ഭൂമിയായി പ്രഖ്യാപിച്ച് പലസ്തീനികളുടെ ഉടമസ്ഥാവകാശത്തെയും വികസനത്തെയും തടസ്സപ്പെടുത്തുകയും ചെയ്തു.

2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിലെ തീവ്ര വലതുപക്ഷ സഖ്യം വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങൾക്ക് അംഗീകാരം നൽകുന്നത് വേഗത്തിലാക്കിയിട്ടുണ്ട്. ഇത് ഇസ്രയേലി കുടിയേറ്റക്കാർ പലസ്തീനികൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുന്നതിനും കാരണമായി. അധിനിവേശ ഭൂമിയിൽ സാധാരണക്കാരെ കുടിയിരുത്തുന്നത് വിലക്കുന്ന ജനീവ കൺവെൻഷന്റെ ലംഘനമായാണ് മിക്ക രാജ്യങ്ങളും ഈ കുടിയേറ്റങ്ങളെ കണക്കാക്കുന്നതെങ്കിലും ഭൂമിയുമായുള്ള ജൂത ബന്ധം ചൂണ്ടിക്കാട്ടി ഇസ്രയേൽ ഇതിനെ ന്യായീകരിക്കുന്നു. യുഎൻ കണക്കനുസരിച്ച്, 2023 ഒക്ടോബറിന് ശേഷം വെസ്റ്റ് ബാങ്കിൽ 212 കുട്ടികളടക്കം ഏകദേശം 1,000 പലസ്തീനികളെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട്.

Content Highlights: US President Trump states Israel will lose all American support if it annexes the West Bank, a move criticized by White House officials as contradicting his peace plan.