‘ഞങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണ്’, നാവികഉപരോധം യുഎസിന് ലാഭകരമായ ബിസിനസ്സാണെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
"ഇത് വളരെ ലാഭകരമായൊരു ബിസിനസാണ്. ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണ്," ട്രംപ് പറഞ്ഞു, ഈ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ മേൽ യുഎസ് ചെലുത്താൻ ലക്ഷ്യമിടുന്ന സാമ്പത്തിക സമ്മർദ്ദത്തെ കുറിച്ചും ട്രംപ് പറഞ്ഞു.
ഒമാൻ ഉൾക്കടൽ പോലുള്ള പ്രധാന ജലപാതകളെ കേന്ദ്രീകരിച്ച് പ്രധാനമായും നടപ്പാക്കുന്ന ഉപരോധം, ഇറാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചു. ഇറാന്റെ പ്രാദേശിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താനുള്ള കഴിവ് കുറയ്ക്കാനും ചർച്ചകളിലേക്ക് നയിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥർ വാദിക്കുന്നു.
യുഎസും ഇറാനും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്രപരമായ ശ്രമങ്ങൾ വിജയം കാണാത്ത സമയത്താണ് ഉപരോധം വരുന്നത്. ഇത്തരത്തിലുള്ള സമ്മർദ്ദം ചെലുത്തൽ അത്യാവശ്യമാണെന്ന് യുഎസ് ആവർത്തിച്ച് പറയുമ്പോൾ, ഈ നിയന്ത്രണങ്ങളെ ഇറാൻ നിയമവിരുദ്ധമാണെന്ന് അപലപിക്കുകയും ഹോർമുസെന്ന തന്ത്രപ്രധാനമായ പാതയിൽ പിടിമുറുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉപരോധം കാരണം ഇറാന് എണ്ണ വരുമാനത്തിൽ ഏകദേശം 5 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. ഏപ്രിൽ 13 ന് ആരംഭിച്ച ഈ ഉപരോധം, പാകിസ്താനിലെ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾക്ക് ഫലം കാണാൻ കഴിയാത്തതിനാൽ, സംഘർഷം അവസാനിപ്പിക്കാനുള്ള പ്രധാന ശ്രമമായി സ്ഥാനം പിടിച്ചിരിക്കുന്നു. എണ്ണയോ നിരോധിത വസ്തുക്കളോ വഹിക്കുന്നതായി സംശയിക്കുന്ന 40 ഓളം കപ്പലുകൾ ഈ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം വഴിതിരിച്ചുവിട്ടിട്ടുണ്ടെന്ന് പെന്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 53 ദശലക്ഷം ബാരൽ ഇറാനിയൻ ക്രൂഡ് എണ്ണ വഹിക്കുന്ന 31 ടാങ്കറുകൾ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്, ഇത് ഏകദേശം 4.8 ബില്യൺ ഡോളർ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ, രണ്ട് കപ്പലുകൾ യുഎസ് സേന പിടിച്ചെടുത്തു. കരയിലെ സംഭരണശേഷി നിറയുന്നതിനാൽ, ഇറാൻ പഴയ ടാങ്കറുകളെ ഫ്ലോട്ടിങ് സ്റ്റോറേജ് യൂണിറ്റുകളായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചില കയറ്റുമതികൾ ഉപരോധം ഒഴിവാക്കാൻ ചൈനയിലേക്ക് ദൈർഘ്യമേറിയതും ചെലവേറിയതുമായ വഴികളിലൂടെയും തിരിച്ചുവിടുന്നതായും സൂചനകളുണ്ട്.
Content Highlights: President Trump labels Iranian port sanctions as a profitable economic strategy., US operations have diverted 40 suspected ships since April 13, 2026., Iran faces an estimated $5 billion loss in oil revenue due to the blockade., 31 tankers carrying 53 million barrels of crude remain stranded in the Gulf., Iran is utilizing old tankers as floating storage to bypass storage capacity limits.