‘ആണവകരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്നാൽമതി’; ഇറാനുമായുള്ള യുദ്ധത്തിൽനിന്ന് പിൻവാങ്ങാനൊരുങ്ങി ട്രംപ്

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖഖനേയിയുടെ ചുവര്‍ചിത്രത്തിനരികിലൂടെ കടന്നുപോകുന്ന സ്ത്രീ,ടെഹ്‌റാനിലെ കാഴ്ച |ഫോട്ടോ:AFP
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് അലി ഖഖനേയിയുടെ ചുവര്‍ചിത്രത്തിനരികിലൂടെ കടന്നുപോകുന്ന സ്ത്രീ,ടെഹ്‌റാനിലെ കാഴ്ച |ഫോട്ടോ:AFP

വാഷിങ്ടൺ: ആണവ കരാറിനായി തുടങ്ങിവെച്ച യുദ്ധം ഒടുവിൽ ഹോർമുസിന് വേണ്ടി അവസാനിപ്പിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുത്താൽ, ആണവ കരാറിലെത്തണമെന്ന നിർബന്ധം ട്രംപ് ഉപേക്ഷിക്കാൻ തയ്യാറാകുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

സമഗ്രമായ ഒരു ആണവ കരാറിൽ എത്തുന്നതിന് മുൻപുതന്നെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് തന്റെ മുതിർന്ന ഉപദേശകരെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഹോർമുസ് തുറന്നുകിട്ടുന്നതിനുള്ള നീക്കങ്ങളിലാണ് ട്രംപ് ഏർപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

എന്നാൽ, ഹോർമുസ് തുറന്നുകൊടുക്കുന്നതിനായി കർശനമായ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. അമേരിക്ക യുദ്ധം പൂർണമായി അവസാനിപ്പിക്കുക, നാവിക ഉപരോധം പിൻവലിക്കുക, മേഖലയിൽനിന്ന് സൈന്യത്തെ മാറ്റുക, ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, യുദ്ധ നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് ഹോർമുസ് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ.

ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്രപാതയായ ഹോർമുസ് കടലിടുക്ക്, യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ ഏറ്റവും വലിയ ആയുധമായിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പും ആഗോള എണ്ണ വിപണിയിലെ അസ്ഥിരതയുമാണ് ട്രംപിനെ യുദ്ധത്തിൽനിന്ന് പിൻവാങ്ങുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതിനിടെ യുഎസിന്റെ ആയുധശേഖരങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുള്ളതായും ഉന്നത സൈനിക കമാൻഡർ യുദ്ധത്തിൽനിന്ന് പിൻവാങ്ങാനുള്ള ചർച്ചകൾ നടത്തുന്നതായും  റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാനുനേരെയുള്ള ആക്രമണം തത്കാലം നിർത്തിവെച്ചിരിക്കുകയാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇസ്ലാമാബാദ് ധാരണാപത്രം ലംഘിച്ച് നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസുമായി നേരിട്ട് ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.

ഇറാനും യു.എസുമായി ഇപ്പോൾ നേരിട്ടുള്ള ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച പറഞ്ഞു. ഇസ്ലാമാബാദ് ധാരണാപത്രം ലംഘിക്കുന്നത് യു.എസ്. അവസാനിപ്പിക്കുകയും ധാരണാപത്രം ലംഘിച്ചുനടത്തിയ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകുകയും ചെയ്യുന്നതുവരെ നേരിട്ടുള്ള ചർച്ചയ്ക്ക് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ കർക്കശമായ നിലപാട് തുടരുന്ന സാഹചര്യത്തിൽ ട്രംപ് പുതിയ ഭീഷണികളൊന്നും മുഴക്കിയിട്ടില്ല.

ഇറാനുമായി സൈനിക ഏറ്റുമുട്ടലിനേക്കാൾ ഉപരി സാമ്പത്തിക ഉപരോധങ്ങളിലൂടെ സമ്മർദ്ദം ചെലുത്താനാണ് യു.എസ് ശ്രമിക്കുന്നതെന്നണ് കഴിഞ്ഞദിവസം ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഇറാനിലെ കടുത്ത പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഒമാൻ വഴിയാണ് ഹോർമുസ് തുറന്ന് കിട്ടുന്നതിനുള്ള നീക്കങ്ങൾ യുഎസ് നടത്തുന്നതെന്നാണ് സൂചന.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായുള്ള കരാറിന്റെ പ്രഖ്യാപനം ഇറാൻ വൈകിപ്പിക്കുന്നതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 'ഞങ്ങൾ കാര്യങ്ങൾ പതുക്കെയാണ് നീക്കുന്നത്' എന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഇത് ശരിയാകുമെന്നും ഇതൊരു ചെസ്സ് കളി പോലെയാണെന്നും ഇറാനുമായുള്ള നീക്കങ്ങളെക്കുറിച്ച് ട്രംപ് പറഞ്ഞു.

ഇറാൻ സാമ്പത്തികമായി 'വളരെ മോശമായ അവസ്ഥയിലാണെന്നും' സൈനികർക്ക് നൽകാൻ അവരുടെ കൈവശം പണമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.എസ് നാവിക ഉപരോധം ഇറാനിയൻ ഭരണകൂടത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതായും ട്രംപ് പറഞ്ഞു.

Content Highlights: US President Donald Trump is willing to bypass the nuclear deal to secure the opening of the Strait of Hormuz., Iran has set strict conditions, including full US withdrawal, lifting of naval blockades, and war reparations., US midterm elections and global oil market instability are key factors driving Trump's shift in strategy., Direct talks between the US and Iran are currently stalled following the violation of the Islamabad agreement.