ട്രംപിന്റെ ഭീഷണി; പരസ്യമായി വധശിക്ഷ നടപ്പാക്കുന്നത് ഹമാസ് നിർത്തിയെന്ന് റിപ്പോർട്ടുകൾ

ഗാസ: വെടിനിർത്തൽ ലംഘിച്ചാൽ 'വേഗതയേറിയതും ക്രൂരവുമായ' അന്ത്യം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി. ഇസ്രയേലുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഗാസയിലെ ജനങ്ങളെ വധിക്കുന്നത് നിർത്തുമെന്ന് സംഘടന ഉറപ്പു നൽകിയെന്നാണ് റിപ്പോർട്ട്.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്ക് ശേഷം ഹമാസ് ഒട്ടേറെ പേരെ പരസ്യമായി വധിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇസ്രയേലിനെ പിന്തുണക്കുന്നവർ രാജ്യദ്രോഹികളാണെന്നാണ് ഹമാസിന്റെ നിലപാട്.
ഹമാസ് വെടിനിർത്തൽ ലംഘിക്കുന്നത് തുടർന്നാൽ ഗാസയിലേക്ക് സൈന്യത്തെ അയക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ സമീപിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. 'ഹമാസ് മോശമായി പെരുമാറുന്നത് തുടരുകയാണെങ്കിൽ, അവരെ നേരെയാക്കാൻ ഗാസയിലേക്ക് പ്രവേശിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് മിഡിൽ ഈസ്റ്റിലെയും സമീപ പ്രദേശങ്ങളിലെയും ഞങ്ങളുടെ പല സഖ്യകക്ഷികളും എന്നോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.' അദ്ദേഹം പറഞ്ഞു.
'ഹമാസ് ശരിയായ കാര്യം ചെയ്യുമെന്ന് ഇപ്പോഴും പ്രതീക്ഷയുള്ളതിനാൽ 'ഇപ്പോൾ വേണ്ടന്ന് അവരോടും ഇസ്രയേലിനോടും പറഞ്ഞു. പക്ഷേ, അങ്ങനെയല്ലെങ്കിൽ ഹമാസിന്റെ അന്ത്യം വേഗതയേറിയതും രൂക്ഷവും ക്രൂരവുമായിരിക്കും.'
പരസ്യമായ വധശിക്ഷകൾ നിർത്താനുള്ള പ്രതിബദ്ധത ഹമാസ് അറിയിച്ചതായി മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ട അറബ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഹമാസ് 'ചില ഗുണ്ടാസംഘങ്ങളെ കൈകാര്യം ചെയ്തു' എന്നും 'അത് എന്നെ അലട്ടുന്നില്ല' എന്നും പറഞ്ഞ് ട്രംപ് തുടക്കത്തിൽ ഈ വധശിക്ഷകളെ ശരിവച്ചിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം കടുത്ത നിലപാട് സ്വീകരിച്ചു.
'വെടിനിർത്തലിന്റെ ഭാഗമായി തൽക്കാലം മാറിനിൽക്കുകയാണെങ്കിലും ആവശ്യമെങ്കിൽ ഐഡിഎഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്) ഗാസയിലേക്ക് മടങ്ങാനും ഹമാസിനെ തുടച്ചുനീക്കാനും ഇസ്രയേലിനോട് ആവശ്യപ്പെടാൻ കഴിയും. വളരെ നല്ലവരായിരിക്കുമെന്നും നന്നായി പെരുമാറുമെന്നും മാന്യമായിരിക്കുമെന്നും കരാറുണ്ടാക്കിയിട്ടുണ്ട്. ഞാൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ ഇസ്രയേൽ അകത്തു കടക്കും. അകത്തുപോയി അത് കൈകാര്യം ചെയ്യൂ എന്ന് എനിക്ക് അവരോട് പറയാൻ കഴിയും. എന്നാൽ ഇപ്പോൾ അങ്ങനെ പറഞ്ഞിട്ടില്ല.' അതിന് ചെറിയൊരവസരം നൽകാൻ പോകുകയാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
Content Highlights: US President Donald Trump has issued a stern warning to Hamas, demanding an end to public executions of Gazans accused of collaborating with Israel. Failure to comply could lead to a swift and brutal response.