കിട്ടുന്ന പണം കണക്കിലെടുക്കുമ്പോൾ സെലെൻസ്കിക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമില്ല-വിമർശനവുമായി ട്രംപ്

വാഷിങ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള തന്റെ നയതന്ത്ര സമീപനത്തെ ന്യായീകരിച്ച ട്രംപ്, രണ്ടുവർഷംമുൻപ് റഷ്യയുമായി മെച്ചപ്പെട്ട കരാറിലെത്തുന്നതിൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി പരാജയപ്പെട്ടെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
റഷ്യയെയും യുക്രൈനെയും തമ്മിൽ ധാരണയിലെത്തിക്കാനുള്ള തന്റെ നീക്കം ലളിതമാണെന്നും ട്രംപ് പറഞ്ഞു. റഷ്യയെ സമാധാന ചർച്ചകളിൽനിന്നകറ്റുന്ന നടപടികൾ സ്വീകരിക്കില്ല. ബന്ദികളെ സംബന്ധിച്ച ചർച്ചകൾ ഉൾപ്പെടെയുള്ള നയതന്ത്ര നീക്കങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കുന്നുണ്ട്.
ഇറാനെ റഷ്യ സഹായിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. റഷ്യയുടെ ശേഷിയുമായി താരതമ്യംചെയ്യുമ്പോൾ, ഇറാനെ സഹായിക്കുന്ന കാര്യത്തിൽ റഷ്യയുടെ ഇടപെടൽ വളരെ കുറവാണെന്നും അത് അങ്ങനെതന്നെ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. 'റഷ്യയ്ക്ക് ചെയ്യാൻ കഴിയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഇറാനെ സഹായിക്കാൻ അവർ കാര്യമായൊന്നും ചെയ്യുന്നില്ല. വിഡ്ഢികളായ ചിലർ ഇടപെട്ട് ഈ സാഹചര്യം മാറ്റുന്നില്ലെങ്കിൽ അത് അങ്ങനെതന്നെ തുടരുമെന്ന് ഞാൻ ഉറപ്പാക്കും,' ട്രംപ് പറഞ്ഞു.
റഷ്യയിലെ ഡീസൽ റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രൈൻ നടത്തുന്ന ആക്രമണങ്ങളെയും ട്രംപ് വിമർശിച്ചു. ഇത്തരം ആക്രമണങ്ങൾ ആഗോള ഡീസൽ വിപണിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. യു.എസിലടക്കം ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുന്നു. കർഷകരും കന്നുകാലി വളർത്തുന്നവരും വിവിധ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളും ഇതുമൂലം വലിയ പ്രയാസം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ റഷ്യ കുറഞ്ഞവിലയ്ക്ക് ലോകവിപണിയിൽ ഡീസൽ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കിക്ക് താത്പര്യമില്ലെന്നും യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം തുടരുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് യുക്രൈന് ലഭിച്ച സഹായത്തെയും പരാമർശിച്ചായിരുന്നു വിമർശനം.
'സെലൻസ്കിക്ക് ഇതൊന്നും പ്രശ്നമല്ല. യൂറോപ്പ് നൽകുന്ന വൻതുകകളും ജോ ബൈഡൻ മുൻപ് നൽകിയ പണവും കണക്കിലെടുക്കുമ്പോൾ, ഈ യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ ആദ്യംമുതൽ തന്നെ അദ്ദേഹത്തിന് അതിന് താത്പര്യമുണ്ടായിരുന്നില്ല. ഈ യുദ്ധം അവസാനിക്കണമെന്നാണ് എന്റെ ആഗ്രഹം,' -ട്രംപ് കുറിച്ചു.
രണ്ടുവർഷംമുൻപ് സെലെൻസ്കിക്ക് ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പെട്ട കരാറിലെത്താൻ കഴിയുമായിരുന്നെന്നും എന്നാൽ അന്ന് അതിന് തയ്യാറായില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം യുക്രൈനെ തകർച്ചയിലേക്ക് നയിച്ചെന്നും രാജ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടെന്നും സെലെൻസ്കിയെ കുറ്റപ്പെടുത്തി ട്രംപ് പറഞ്ഞു. യുക്രൈന്റെ സമുദ്രപ്രദേശങ്ങൾ നഷ്ടമായി. രാജ്യത്തെ പുരുഷ ജനസംഖ്യയിൽ വലിയൊരു വിഭാഗം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
Content Highlights: Trump claims significant progress in Russia-Ukraine peace negotiations and hostage talks.