വിടാതെ ട്രംപ്; ഇന്ത്യ-പാക് സംഘർഷമടക്കം 5 യുദ്ധങ്ങൾ നിർത്തിച്ചെന്ന് വീണ്ടും

ഡോണാൾഡ് ട്രംപ് | Photo: AFP
ഡോണാൾഡ് ട്രംപ് | Photo: AFP

ന്യൂയോർക്ക്: ഇന്ത്യ- പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ മൂന്നാം ശക്തി ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെ താൻ തന്നെയാണ് യുദ്ധം നിർത്തിവെപ്പിച്ചതെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാർലമാൻ ദ ഗോഡിന് തന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞാണ്  ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പട്ടിക നിരത്തിയത്. 

'റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ 31 വർഷം നീണ്ട രക്തച്ചൊരിച്ചിൽ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ദശാബ്ദങ്ങൾ നീണ്ട കോംഗോ- റുവാണ്ട യുദ്ധത്തിൽ ഏഴ് ലക്ഷം ആളുകൾ മരിച്ചു. ആ യുദ്ധം നിർത്തിയത് ഞാനാണ്.' ട്രംപ് എഴുതി.

'ഇന്ത്യയെയും പാകിസ്താനെയും കുറിച്ചോ ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയതിനെ കുറിച്ചോ തുറന്ന അതിർത്തി അടച്ചതിനെക്കുറിച്ചോ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചതിനെക്കുറിച്ചോ ഒന്നും അദ്ദേഹത്തിന് (ഷാർലമാൻ ദ ഗോഡിന്) അറിയില്ല.'

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് മുമ്പും പല തവണ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ രാത്രി നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10-ന് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയവിവാദത്തിന് വഴിവെച്ചു. ട്രംപിന് പ്രധാനമന്ത്രി ഉചിതമായ മറുപടി കൊടുക്കുന്നില്ലെന്നായിരുന്നു ആരോപണം. തുടർന്ന് പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയാവുകയും മറുപടിക്കിടെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷം നിർത്താൻ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു.

അതേസമയം, ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. തായ്ലൻഡ്, കംബോഡിയ, ഇസ്രയേൽ, ഇറാൻ, റുവാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്ത്യ, പാകിസ്ഥാൻ, സെർബിയ, കൊസോവോ, ഈജിപ്ത്, എത്യോപ്യ തുടങ്ങിയ പ്രദേശങ്ങളിലെ സംഘർഷങ്ങൾ ട്രംപ് അവസാനിപ്പിച്ചതായി ലെവിറ്റ് അവകാശപ്പെട്ടു.

പ്രസിഡന്റ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകേണ്ട സമയം എപ്പോഴോ കഴിഞ്ഞു. അധികാരത്തിലിരുന്ന ആറു മാസത്തിനുള്ളിൽ അദ്ദേഹം ഓരോ മാസവും ഒരു സമാധാന കരാർ ഉണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlights: 'Ended 5 wars': Donald Trump repeats claim he settled wars, including India- Pakistan Conflict