ഇടഞ്ഞ് ട്രംപ്, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിച്ചു; യുഎസ് കാരണമല്ല നിലനിൽക്കുന്നതെന്ന് കാനഡ

#ന്യൂസ് ഡെസ്ക്
മാർക്ക് കാർണി, ഡോണാൾഡ് ട്രംപ് | Photo: AP
മാർക്ക് കാർണി, ഡോണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: 'ബോർഡ് ഓഫ് പീസി'ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ അഭിസംബോധന ചെയ്തുകൊണ്ട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് തുറന്ന കത്തിലൂടെയാണ് ക്ഷണം പിൻവലിച്ച കാര്യം ട്രംപ് അറിയിച്ചത്. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ വെച്ച് നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.

പരിവർത്തനമല്ല, അടിസ്ഥാനപരമായ തകർച്ചയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് കാർണി ദാവോസിൽ വെച്ച് പറഞ്ഞിരുന്നു. വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നുവെന്നും കാർണി പറഞ്ഞു. അമേരിക്കയുടേയോ ട്രംപിന്റേയോ പേര് എടുത്ത് പറയാതെയായിരുന്നു കാർണിയുടെ പരാമർശം. എന്നാൽ ഇത് ട്രംപിനെതിരേയാണെന്ന് വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ മറുപടിയുമായി ട്രംപ് രംഗത്തെത്തി.

അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടുത്ത തവണ കാർണി ഇത്തരം പരാമർശം നടത്തുമ്പോൾ ശ്രദ്ധിച്ചു വേണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ അമേരിക്ക കാരണമല്ല തങ്ങൾ നിലനിൽക്കുന്നതെന്നും തങ്ങൾ കനേഡിയൻസ് ആണെന്നും മർക്ക് കാർണി മറുപടി നൽകി. വാഷിങ്ടണുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. എന്നാൽ അമേരിക്ക കാരണം അല്ല കാനഡയുടെ നിലനിൽപ്പ് എന്ന് കാർണി എക്സ് പോസ്റ്റിൽ കുറിച്ചു.

ആദ്യം ഗാസയിൽ സുസ്ഥിരസമാധാനമുണ്ടാക്കുക, പിന്നീട് ആഗോളസംഘർഷ പരിഹാരവേദിയായി മാറ്റുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോർഡ് ഓഫ് പീസ്) വ്യാഴാഴ്ച ഔദ്യോഗികമായി നിലവിൽവന്നിരുന്നു. ഹംഗറിയും അർജന്റീനിയും പാകിസ്താനുമുൾപ്പെടെ 19 രാജ്യങ്ങളാണ് പ്രമാണരേഖയിൽ ഒപ്പുവെച്ചത്.

ബോർഡിൽ സ്ഥിരാംഗത്വം കിട്ടണമെങ്കിൽ ഓരോ രാജ്യവും 100 കോടി ഡോളർ (ഏകദേശം 9100 കോടിരൂപ) നൽകണം. ഇങ്ങനെ കിട്ടുന്ന പണം ഗാസയുടെ പുനർനിർമാണത്തിനുപയോഗിക്കും എന്നാണ് ട്രംപിന്റെ വാഗ്ദാനം.

Content Highlights: US President Trump retracts Canada`s invitation to the `Board of Peace` after PM Carney`s critical speech at Davos. Details inside.