യുഎൻ പൊളിക്കാനോ ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ ? കരുതലോടെ ലോകനേതാക്കൾ

ഡൊണള്‍ഡ് ട്രംപ്
ഡൊണള്‍ഡ് ട്രംപ്

പാരീസ്: യുഎസ് പുതുതായി രൂപംനൽകിയ ‘ബോർഡ് ഓഫ് പീസി’ൽ ചേരാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണത്തോട് കരുതലോടെ പ്രതികരിച്ച് രാജ്യങ്ങൾ. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ‘ബോർഡ് ഓഫ് പീസ്’ വിഭാവനം ചെയ്തിരിക്കുന്നത്.

‘സംഘർഷമുള്ളതോ സംഘർഷഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരതകൈവരുത്തുന്നതിനും ആശ്രയിക്കാൻകഴിയുന്നതും നിയമാനുസൃതവുമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന’ എന്നാണ് അറുപതോളം രാജ്യങ്ങൾക്ക് യുഎസ് അയച്ച കരടുപ്രമാണരേഖയിൽ ‘ബോർഡ് ഓഫ് പീസി’നെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണരേഖയ്ക്കൊപ്പം ഇതിൽ ചേരാനുള്ള ക്ഷണപത്രവുമുണ്ട്.

ഫ്രാൻസ്, ജർമനി, ഇറ്റലി, ഹംഗറി, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ കമ്മിഷൻ, പശ്ചിമേഷ്യയിലെ പ്രമുഖരാജ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ക്ഷണപത്രം അയച്ചത്. ഇതിൽ ട്രംപുമായി നല്ല അടുപ്പമുള്ള ഹംഗറി മാത്രമാണ് ക്ഷണം സ്വീകരിച്ചത്.

ഗാസായുദ്ധം അവസാനിപ്പിക്കുന്നതിനും പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായി സമാധാനസമിതിയുണ്ടാക്കാനാണ് യുഎൻ രക്ഷാസമിതി അനുമതി നൽകിയത്. അതിന് 2027 വരെയേ കാലാവധിയുള്ളൂ. എന്നാൽ, ‘ബോർഡ് ഓഫ് പീസ്’ അതുകഴിഞ്ഞും തുടരുമെന്ന സൂചനയാണ് യുഎസ് നൽകുന്നത്.

ട്രംപ് നിരന്തരം വിമർശിക്കുന്ന ഐക്യരാഷ്ട്രസഭയ്ക്ക് ബദലായാണോ ഇത് ഉണ്ടാക്കുന്നതെന്ന ആശങ്ക വിമർശകർ പങ്കുവെച്ചിട്ടുണ്ട്. ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്രസഭ’യാണെന്ന് യൂറോപ്യൻ നയതന്ത്രജ്ഞർ പറഞ്ഞതായി ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

ട്രംപ് ആജീവനാന്ത അധ്യക്ഷനായ ബോർഡിൽ മൂന്നുവർഷത്തെ അംഗത്വമാണ് ഒരു രാജ്യത്തിനു നൽകുക. സ്ഥിരാംഗമാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ 100 കോടി ഡോളർ (9000 കോടി രൂപ) വീതം നൽകണം. അംഗത്വം പുതുക്കിനൽകണോ വേണ്ടയോ എന്നത് അധ്യക്ഷന്റെ തീരുമാനമായിരിക്കും.

അധ്യക്ഷന് അംഗരാജ്യത്തെ പുറത്താക്കാനുള്ള വീറ്റോ അധികാരമുണ്ടാകും. ബോർഡിന്റെ ഔദ്യോഗികമുദ്ര അംഗീകരിക്കുന്നത് അദ്ദേഹമാകും. സംഘടനയുടെ പണത്തിന്റെ നിയന്ത്രണവും ട്രംപിനാകുമെന്നാണ് കരടുപ്രമാണത്തിലെ സൂചന. പിൻഗാമിയെ നിർദേശിക്കേണ്ടതും ചെയർമാൻതന്നെയാണ്.

ട്രംപിന്റെ ഗാസാ സമിതിയോട് ഇസ്രയേലിന് എതിർപ്പ്

ജറുസലേം: ഗാസയിലെ ഭാവിനടപടികൾക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് രൂപവത്കരിച്ച സമിതിയോട് ഇസ്രയേലിന് എതിർപ്പ്. ‘ബോർഡ് ഓഫ് പീസി’നുകീഴിലുണ്ടാക്കിയ 11 അംഗ ‘ഗാസാ എക്സിക്യുട്ടീവ് ബോർഡി’നോടാണ് എതിർപ്പ്. ഗാസാകാര്യങ്ങളിൽ ഉപദേശം നൽകുന്നതിനുള്ള ഈ സമിതിയുണ്ടാക്കിയത് ഇസ്രയേലുമായി ആലോചിച്ചിട്ടല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ഇതേക്കുറിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറിയോടു സംസാരിക്കാൻ ഇസ്രയേലി വിദേശകാര്യമന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.

‘ബോർഡ് ഓഫ് പീസ്’, ഗാസയുടെ ഭരണകാര്യങ്ങൾ നോക്കുന്നതിനുള്ള പലസ്തീനിയൻ സമിതി, ഗാസാ എക്സിക്യുട്ടീവ് ബോർഡ് എന്നിവയെ ഉൾപ്പെടുത്തി ഗാസയുടെ ഭാവി തീരുമാനിക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

Content Highlights: Explore global reactions to Donald Trump`s `Board of Peace` initiative, designed for conflict resolution. Understand the details, criticisms, and potential implications. Click to learn more.