ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ; പിന്തുണയ്ക്കുന്നവർ 37%, ഇടക്കാല തിരഞ്ഞെടുപ്പ് നിർണായകം

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ ഫലം. വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട പുതിയ സർവേ പ്രകാരം ട്രംപിന് 37% ആളുകളുടെ പിന്തുണ മാത്രമാണുള്ളത്. 61% പേരാണ് ട്രംപിൻ്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയത്.

കഴിഞ്ഞ 36 വർഷത്തിനിടെ ഒരു ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു യു.എസ്. പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്. ഇറാന്റെ മേലുള്ള സൈനിക നടപടിയും കുതിച്ചുയരുന്ന ഇന്ധനവിലയുമാണ് ജനപിന്തുണ കുറയാൻ പ്രധാന കാരണമായി ജേർണൽ ചൂണ്ടിക്കാണിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്താണ് ട്രംപ് അധികാരത്തിലേറിയത്. എന്നാൽ, റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനോ ഇന്ധനവില നിയന്ത്രിക്കാനോ ഫലവത്തായ നീക്കങ്ങൾ ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. നിലവിൽ ഇറാനുമായി തുടരുന്ന യുദ്ധവും വർധിച്ചുവരുന്ന ഇന്ധനവിലയും ട്രംപിൻ്റെ ജനപ്രീതിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

റോയിട്ടേഴ്സ്/ഇപ്സോസ് ട്രാക്കർ പ്രകാരം ട്രംപിന്റെ രണ്ടാം ഊഴത്തിന്റെ തുടക്കത്തിൽ 47 ശതമാനമായിരുന്ന ജനപ്രീതി സെപ്റ്റംബർ 21-ഓടെ 32 ശതമാനത്തിലേക്ക് താഴ്ന്നു.  കൂടാതെ, ഇറാന് എതിരെയുള്ള സൈനിക നടപടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മാർച്ച് മാസത്തിലെ 37 ശതമാനത്തിൽനിന്ന് ഓഗസ്റ്റ് അവസാനത്തോടെ 31 ശതമാനമായി കുറഞ്ഞു. ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിലെ ട്രംപിന്റെ പ്രകടനത്തെ പിന്തുണയ്ക്കുന്നവർ മാർച്ചിലെ 25 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 17 ശതമാനമായി ഇടിഞ്ഞു.

സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിലും ട്രംപിനോടുള്ള പിന്തുണ കുറയുന്നത് വൈറ്റ് ഹൗസിന് തിരിച്ചടിയാകുന്നുണ്ട്. സെപ്റ്റംബറിലെ ആദ്യ ആഴ്ചയിൽ റിപ്പബ്ലിക്കൻമാർക്കിടയിലെ ട്രംപിന്റെ ജനപ്രീതി 82 ശതമാനത്തിൽനിന്ന് 73 ശതമാനമായി കുറഞ്ഞിരുന്നു. അതിനിടെ, നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്നെ സങ്കൽപ്പിച്ച് വോട്ട് ചെയ്യാൻ ട്രംപ് അനുയായികളോട് അഭ്യർഥിച്ചിട്ടുണ്ട്.

Content Highlights: Trump's approval rating dropped to 37 percent according to the Wall Street Journal survey., Iran military action and soaring fuel prices are cited as major reasons for the decline., Midterm elections are scheduled for November 3., Support among Republican party members also saw a notable decline.