എല്ലായിടത്തും ബോംബ് വീഴും, ഈ രാത്രി സുരക്ഷിതയിടങ്ങളിൽ തുടരുക; ലക്ഷ്യം ഭരണമാറ്റമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കാൻ വേണ്ടിയാണ് ഇറാനെതിരേ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയ്ക്ക് പ്രതിരോധം തീർക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോയിൽ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച വീഡിയോയിലാണ് ട്രംപിന്റെ പ്രതികരണം.
ആരംഭിച്ചിരിക്കുന്നത് വൻ സൈനിക നടപടിയാണെന്നും ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ പറയുന്നു.
കുറച്ചുകാലം മുമ്പ് യുഎസ് സൈന്യം, ഇറാനിൽ പ്രധാനപ്പെട്ട ഒരു പോരാട്ടം ആരംഭിച്ചു. ഇറാനിയൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണികൾ ഇല്ലാതാക്കിയതായി ട്രംപ് പഞ്ഞു.
ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനത്തിൽ എത്തിയിരുന്നില്ലെന്നായിരുന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. ഇറാന്റെ ആണവ ചർച്ചകൾക്കിടെ അവരുടെ നിലപാടിൽ താൻ സന്തുഷ്ടനല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎസ്-ഇസ്രയേൽ സംയുക്തമായി ഇറാനിൽ ആക്രമണം നടത്തിയിരിക്കുന്നത്.
‘ഇറാന്റെ നാവികസേനയേയും മിസൈൽ കേന്ദ്രങ്ങളേയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമ്മിക്കാൻ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ നടപടി അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് റവല്യൂഷണറി ഗാർഡിനോടും, സൈനികാംഗങ്ങളോടും മറ്റെല്ലാ സുരക്ഷാ ഉദ്യോഗസ്ഥരോടുമായി പറയുന്നു, ഇന്ന് രാത്രി നിങ്ങൾ ആയുധം വെച്ച് കീഴടങ്ങുക, അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക. നിങ്ങൾ ആയുധം താഴെവെച്ച് കീഴടങ്ങിയാൽ ന്യായമായ രീതിയിൽ നിങ്ങളോട് പെരുമാറും.
ഈ രാത്രിയിൽ ഇറാനിലെ ജനങ്ങളോട് ഞാൻ പറയുന്നു, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തിരിക്കുന്നു. സുരക്ഷിതയിടങ്ങളിൽ തുടരുക. എല്ലായിടത്തും ബോംബ് വീഴും. എല്ലാം അവസാനിപ്പിച്ച് നിങ്ങളുടെ സർക്കാരിനെ ഞങ്ങൾ പിടിച്ചെടുക്കും. ആ സർക്കാർ നിങ്ങളുടേത് കൂടിയായിരിക്കും. അടുത്ത തലമുറയ്ക്കുള്ള അവസരമായിരിക്കും അത്. നിങ്ങൾ അമേരിക്കയുടെ സഹായം അഭ്യർത്ഥിച്ചു, എന്നാൽ മുൻപ് ഒരിക്കലും ലഭിച്ചില്ല. ഞാൻ ഇന്ന് രാത്രി ചെയ്തതുപോലെ മറ്റൊരു പ്രസിഡന്റും ചെയ്യാൻ തയ്യാറായില്ല. ഇപ്പോൾ നിങ്ങൾക്കാവശ്യമുള്ളത് തരാൻ പറ്റുന്ന ഒരു പ്രസിഡന്റ് ഉണ്ട്. അതിനാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം- ട്രംപ് പറഞ്ഞു.
Content Highlights: Trump announces a joint US-Israel military operation against Iran., The stated objective is to eliminate threats from the Iranian regime., A primary goal is to prevent Iran from acquiring nuclear weapons., The announcement was made via a video on the Truth Social platform.