യുദ്ധവിമാനങ്ങൾ തകർന്നുവീഴുന്നു, അവകാശവാദങ്ങൾ പൊളിഞ്ഞു; യുദ്ധത്തിൽ ട്രംപിന് പിഴയ്ക്കുന്നോ?

#ന്യൂസ് ഡെസ്ക്
പീറ്റ് ഹെഗ്‌സെത്ത്, ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP,AP
പീറ്റ് ഹെഗ്‌സെത്ത്, ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP,AP

വാഷിങ്ടൺ: ഇറാൻ യുദ്ധവും തുടർന്നുണ്ടായ ഇന്ധന വില വർധനവും ഇതിനോടകം തന്നെ അമേരിക്കൻ ജനതയ്ക്ക് ട്രംപ് ഭരണകൂടത്തോടുള്ള സ്വീകാര്യത നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സർവേകൾ പറയുന്നത്. ഇറാൻ യുദ്ധം ഇപ്പോൾ പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇറാനിൽ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകളോടെ ട്രംപിന്റെയും സഹായികളുടെയും അവകാശവാദങ്ങളിൽ വിള്ളൽ വീണിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തിയെന്ന് പറയുണ്ടെങ്കിലും അതിൽ വ്യക്തത വന്നിട്ടില്ല. ഒരാൾക്ക് എന്ത് സംഭവിച്ചുവെന്നതും അറിയാനായിട്ടില്ല.

അതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇറാൻ രണ്ടാമത്തെ യുഎസ് യുദ്ധവിമാനത്തെയും ആക്രമിച്ചുവെന്ന വാർത്ത വന്നിരിക്കുന്നത്. ഇറാനിൽവെച്ച് ആക്രമണം ഉണ്ടായെങ്കിലും പൈലറ്റിന് പുറത്തേക്ക് കടക്കാനായെന്നും സുരക്ഷിതമാണെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ അമേരിക്കൻ ഭാഗത്ത് ജീവഹാനിളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വിമാനങ്ങൾ നഷ്ടപ്പെടുന്നതടക്കം കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

സൈനിക മേൽക്കോയ്മ അമേരിക്കയുടെ പ്രധാന മേൽക്കൈ ആയിരിക്കുന്ന ഒരു പോരാട്ടത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് ഇതിനോടകംതന്നെ ട്രംപ് ഭരണകൂടത്തിനെതിരെ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. യുദ്ധത്തിന്റെ ചെലവുകൾ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളാണ് ട്രംപ് ഭരണകൂടം നേരിടുന്ന പ്രധാന വെല്ലുവിളി.

ഇറാന്റെ സൈനിക ശേഷിയെ പൂർണ്ണമായും നശിപ്പിച്ചെന്നുള്ള ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെയും അവകാശവാദങ്ങളെ ദുർബലപ്പെടുത്തുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്. അമേരിക്കക്കും ഇസ്രായേലിനും ഇറാനുമുകളിൽ സ്വതന്ത്രമായി പറക്കാൻ കഴിവുണ്ട്, ഇറാൻ അതിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നും പലപ്പോഴും ട്രംപും ഹെഗ്‌സെത്തും അവകാശപ്പെട്ടിരുന്നു.

'ഇറാനിൽ നാവിക സേനയില്ല, സൈന്യമില്ല, വ്യോമസേനയില്ല, വിമാനവേധ സംവിധാനങ്ങളില്ല' എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലും പറഞ്ഞിരുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങളിൽ ആക്രമണം നടത്താൻ കഴിയുമെന്നും 'അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല' എന്നും അദ്ദേഹം പറയുകയുണ്ടായി.

ട്രംപും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവരും സൈനിക വിജയങ്ങളെ അതിശയോക്തിപരമായി ചിത്രീകരിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിമാനങ്ങൾ തകർന്നതെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ഇറാനിലെ ആണവ നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം, ട്രംപ് ആ രാജ്യത്തിന്റെ ആണവ പദ്ധതി 'തകർന്നുപോയി' എന്നും അത് വീണ്ടെടുക്കാനാവാത്തതാണെന്നും ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ ആദ്യ വിലയിരുത്തൽ അങ്ങനെയായിരുന്നില്ല. ഒൻപതു മാസങ്ങൾക്കു ശേഷം, യുഎസ് ഭരണകൂടം വീണ്ടും ഇറാനെ ഒരു ആണവ ഭീഷണിയായി അവതരിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്്തു.

ഇറാനിയൻ മിസൈൽ ലോഞ്ചറുകളുടെ നാശത്തെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങളും തെറ്റാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു. ഇറാന് അവരുടെ മിസൈൽ ലോഞ്ചറുകളുടെ പകുതി ഭാഗവും ഇപ്പോഴും കൈവശമുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇറാനുമായി ഇനി ചർച്ചകളില്ലെന്നും അതിനുള്ള സമയം കഴിഞ്ഞുവെന്നും പറഞ്ഞ ട്രംപ് ഇപ്പോൾ ചർച്ചകൾക്കായി കടുത്ത സമ്മർദ്ദം ചെലുത്തുന്നതും മറ്റൊരു വൈരുദ്ധ്യമാണ്.

പെന്റഗൺ റിപ്പോർട്ടനുസരിച്ച് ഇതുവരെ ഇറാനെതിരായ യുദ്ധത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും 365 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വിമാനങ്ങൾ തകർന്ന സംഭവത്തിൽ ഉൾപ്പെട്ട സൈനികരെ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

പരിക്കേറ്റവരിൽ 247 പേർ യുഎസ് കരസേനാ വിഭാഗത്തിലുള്ളവരാണ്, 63 പേർ നാവികസേനാ അംഗങ്ങളും, 19 പേർ മറീൻ കോർ അംഗങ്ങളും, 36 പേർ എയർഫോഴ്‌സ് അംഗങ്ങളും ആണ്.

Content Highlights: Rising US public dissatisfaction with the Iran conflict in 2026., Contradictions between official Trump administration claims and intelligence reports regarding Iran's military and nuclear capabilities., Documented loss of US military aircraft and equipment in the region