തീരുവ വെട്ടിക്കാൻ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യവഴി കടത്തുന്നു; മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ്. ചുമത്തിയ ഉയർന്ന തീരുവ വെട്ടിക്കാൻ, താരതമ്യേന തീരുവ കുറവ് ചുമത്തുന്ന രാജ്യങ്ങൾവഴി സാധനങ്ങൾ കടത്തുന്ന ‘ഷാഡോ ട്രാൻസ്ഷിപ്പ്‌മെന്റ്’ ശൃംഖലയ്‌ക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ, കാനഡ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നാൽപ്പതിലധികം രാജ്യങ്ങൾ ഈ നീക്കത്തിന് കൂട്ടുനിൽക്കുന്നുവെന്ന് യു.എസ്. ആരോപിച്ചു. ഇത്തരം വ്യാപാര തട്ടിപ്പുകൾ കണ്ടെത്താൻ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വെട്ടിപ്പു വിവരങ്ങളുള്ളത്. 2018-ൽ ട്രംപ് ഭരണകൂടം ചൈനയ്‌ക്കെതിരേ സെക്ഷൻ 301 താരിഫുകൾ ചുമത്തിയതിനുശേഷമാണ് മറ്റുരാജ്യങ്ങൾവഴിയുള്ള അനധികൃത കടത്തുകൾ വ്യാപകമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നാൽപ്പതിലധികം രാജ്യങ്ങളിലൂടെ ചൈന തങ്ങളുടെ കയറ്റുമതി ഉത്പന്നങ്ങൾ അനായാസം മറ്റുപേരുകളിൽ മറ്റുവിപണികളിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന് നവാരോ ആരോപിച്ചു.
ചൈനീസ് ഉത്പന്നങ്ങൾ തീരുവ കുറവുള്ള രാജ്യങ്ങളിലേക്കയച്ച്, അവിടെവെച്ച് ചെറിയ രീതിയിലുള്ള ലേബലിങ്, റീപാക്കിങ്, അല്ലെങ്കിൽ ബില്ലിങ്ങിൽ മാറ്റംവരുത്തൽ എന്നിവയിലൂടെ പുതിയൊരു രാജ്യത്തിന്റെ ഉത്പന്നമാണെന്ന വ്യാജേന യു.എസിലേക്ക് കയറ്റിയയയ്ക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ പുണെ, ഗുജറാത്ത്, ചെന്നൈ മേഖലകൾ കേന്ദ്രീകരിച്ച് ചൈനീസ് നിർമിത പമ്പുകളും കംപ്രസറുകളും ഇത്തരത്തിൽ പ്രോസസ് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിൽ കടത്തുന്ന ആകെ ഉത്പന്നങ്ങളുടെ വാർഷിക മൂല്യം ഏകദേശം 40 ബില്യൺ ഡോളർ മുതൽ 303 ബില്യൺ ഡോളർവരെയാണെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: The Trump administration flagged over 40 trading partners, including India, for aiding Chinese tariff evasion., A White House report titled 'The Great Transshipment Scam' highlights shadow trans-shipment networks.