കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് യുവതിയോട് പ്രണയം; യുഎസ് നയതന്ത്ര ഉദ്യോസ്ഥന്റെ ജോലിതെറിപ്പിച്ച് ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടണ്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി(സിസിപി)യുമായി ബന്ധമുള്ള ചൈനീസ് യുവതിയുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനയില്‍ നിയോഗിച്ചിരുന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശസര്‍വീസില്‍നിന്ന് പുറത്താക്കി യുഎസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അതേസമയം, പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ചൈനീസ് പ്രണയിനിയും ഉള്‍പ്പെടുന്ന വീഡിയോ, കണ്‍സര്‍വേറ്റീവ് മുന്നണിപ്പോരാളിയായ ജെയിംസ് ഔകീഫെ ഓണ്‍ലൈനില്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.

ചൈനയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള അമേരിക്കക്കാരായ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏര്‍പ്പെടുന്നതിന് വിലക്ക് നിലവില്‍വന്നത് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാനകാലത്തായിരുന്നു. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച ഈ വിലക്ക് പ്രകാരം ഇതാദ്യമായാണ് ഒരു ഉദ്യോഗസ്ഥന്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെടുന്നത്.

വിഷയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോയും വിലയിരുത്തിയെന്നും സിസിപിയുമായി ബന്ധമുള്ള ചൈനീസ് യുവതിയോടുള്ള പ്രണയം ഒളിപ്പിച്ചുവെച്ചെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചതിന് പിന്നാലെയാണ് നടപടിയെന്നും പിഗോട്ട് കൂട്ടിച്ചേര്‍ത്തു.

Content Highlights: trump administration fires us diplomat for having romantic relationship with chinese woman having ties with chinese communist party