ഏഴ് മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ട ടൈറ്റന്‍; കാണാതായ വിവരം അറിയിക്കാന്‍ വൈകിയത് എന്തുകൊണ്ട്?

ബോസ്റ്റണ്‍: അഞ്ച് പേരുമായി പോയ ടൈറ്റന്‍ ജലപേടകത്തിന് സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത് ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി യാത്രതുടങ്ങി ഒരു മണിക്കൂര്‍ 45 മിനിട്ടിനകം. പേടകത്തില്‍ ഉള്ളവരുടെ ആരോഗ്യസ്ഥിതിപോലും കൃത്യമായി വിലയിരുത്തി മുന്നറിയിപ്പുകള്‍ നല്‍കാനും, അടിയന്തര ഘട്ടത്തില്‍ സുരക്ഷിതമായി സമുദ്രോപരിതലത്തിലേക്ക് തിരിച്ചെത്താനും കഴിയുന്ന സംവിധാനങ്ങള്‍ പേടകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടശേഷം ടൈറ്റനില്‍നിന്ന് ഒരു സൂചനകളും ലഭിച്ചില്ല.
പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി കണക്കാക്കുന്നുവെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവുംകൊണ്ട് നിര്‍മിച്ചതായിരുന്നു 6.7 മീറ്റര്‍ നീളമുള്ള പേടകം. പൈലറ്റിന് പുറമെ നാല് യാത്രക്കാര്‍ക്കുകൂടി സഞ്ചരിക്കാന്‍ കഴിയുംവിധം രൂപകല്‍പ്പനചെയ്ത പേടകത്തിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് പോകാന്‍ കഴിയുക.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 8.15-നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴ് മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ടൈറ്റനെ നിയന്ത്രിച്ചിരുന്ന കപ്പലുമായുള്ള ബന്ധം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടു. അതിനിടെ, നിയന്ത്രണം നഷ്ടപ്പെട്ട വിവരം യു.എസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ട് മണിക്കൂര്‍ വൈകിയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുന്നുവെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എന്തുകൊണ്ടാണ് വൈകിയത് എന്നകാര്യം പേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ടൈറ്റനെ നിയന്ത്രിച്ചിരുന്നത്.
ടൈറ്റന്‍
യു.എസ്. ആസ്ഥാനമായുള്ള ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സ് സമുദ്രപര്യവേക്ഷണത്തിനായി നിര്‍മിച്ച പേടകം. അഞ്ചുപേര്‍ക്കിരിക്കാം. കടലില്‍ 4000 മീറ്റര്‍ ആഴംവരെ പോകും. നീളം ആറര മീറ്റര്‍. അഞ്ചുപേര്‍ക്ക് 96 മണിക്കൂര്‍ കഴിയാന്‍വേണ്ട ഓക്സിജന്‍. മണിക്കൂറില്‍ 5.6 കിലോമീറ്റര്‍വേഗം. സാഹസികയാത്രികരെ ടൈറ്റാനിക് അവശിഷ്ടം കാണാന്‍ കൊണ്ടുപോകാനും കടലിനടിയിലെ സര്‍വേകള്‍ക്കും ഗവേഷണത്തിനും വിവരശേഖരണത്തിനും സിനിമാചിത്രീകരണത്തിനുമെല്ലാം ഉപയോഗിക്കാം. എട്ടുദിവസത്തെ ടൈറ്റാനിക് പര്യടനത്തിന് ഒരാളില്‍നിന്ന് രണ്ടരലക്ഷം ഡോളറാണ് (രണ്ടുകോടി രൂപ) ഓഷന്‍ഗേറ്റ് ഈടാക്കിയത്..
ടൈറ്റാനിക്
കാനഡയുടെ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912-ല്‍ ബ്രിട്ടനിലെ സതാംപ്ടണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നിയാത്രയില്‍ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു. 1985-ല്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതുമുതല്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്.
ടൈറ്റനിലെ യാത്രക്കാര്‍
ഹാമിഷ് ഹാര്‍ഡിങ് ആക്ഷന്‍ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിയുടെ ചെയര്‍മാന്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം. നമീബിയയില്‍നിന്ന് ഇന്ത്യയിലേക്ക് എട്ട് ചീറ്റകളെ എത്തിച്ച ബോയിങ് വിമാനം ഏര്‍പ്പെടുത്തിയത് ഹാര്‍ഡിങ്ങാണ്. സാഹസികപര്യടനങ്ങളില്‍ തത്പരനായ ഇദ്ദേഹത്തിന്റെപേരില്‍ മൂന്നു ഗിന്നസ് റെക്കോഡുകളുണ്ട്. മരിയാന കിടങ്ങിന്റെ ഏറ്റവും ആഴത്തില്‍കഴിഞ്ഞതിനുള്‍പ്പെടെയുള്ള റെക്കോഡുകളാണിത്. പലതവണ ദക്ഷിണധ്രുവത്തിലേക്ക് സഞ്ചരിച്ചു. കഴിഞ്ഞവര്‍ഷം ബ്ലൂ ഓറിജന്‍ പേടകത്തില്‍ ബഹിരാകാശത്തും പോയി. ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ പാകിസ്താനിലെ ഏറ്റവും വലിയ വ്യവസായസ്ഥാപനമായ എന്‍ഗ്രോ കോര്‍പ്പറേഷന്റെ വൈസ് ചെയര്‍മാനാണ് ഷെഹ്സാദ. കുടുംബസമേതം ബ്രിട്ടനില്‍ താമസം. അന്യഗ്രഹജീവികളെ തിരയുന്ന കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗവേഷണസ്ഥാപനമായ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ട്രസ്റ്റി. സ്റ്റോക്ടണ്‍ റഷ് ടൈറ്റന്‍ പര്യടനത്തിനു ചുക്കാന്‍പിടിക്കുന്ന ഓഷന്‍ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും. പോള്‍ ഹെന്റി നാര്‍ജിയോലെ 77 വയസ്സുള്ള ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍. ഫ്രഞ്ച് നാവികസേനാ മുന്‍ കമാന്‍ഡറായ ഇദ്ദേഹം ടൈറ്റാനിക് അവശിഷ്ടത്തെയും അതുള്ള സ്ഥലത്തെയുംകുറിച്ച് വിദഗ്ധനാണ്. 1987-ല്‍ ടൈറ്റാനിക് അവശിഷ്ടംകാണാന്‍ പുറപ്പെട്ട ആദ്യസംഘത്തില്‍ അംഗമായിരുന്നു.
Content Highlights: Titan Titanic submarine eight hours delay in reporting