ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത് ഇങ്ങനെ, ഇന്ത്യയിലും ഇത് കാണാന്‍ ആഗ്രഹിക്കുന്നു; ട്രംപ്-മംദാനി കൂടിക്കാഴ്ചയില്‍ തരൂര്‍

ന്യൂഡല്‍ഹി: ‘ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടതെന്ന’ കുറിപ്പോടെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളില്‍ നിങ്ങളുടെ നിലപാടിന് വേണ്ടി വാക്‌പോരിന് യാതൊരു കുറവുവരുത്താതെ ആവേശത്തോടെ പോരാടുക. പക്ഷേ അത് കഴിഞ്ഞാല്‍, നിങ്ങള്‍ സേവിക്കാന്‍ പ്രതിജ്ഞാബദ്ധരായ രാഷ്ട്രത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കായി പരസ്പരം സഹകരിക്കാന്‍ പഠിക്കണം. ഇന്ത്യയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതലായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അതിനുവേണ്ടി എന്റേതായ പങ്കുവഹിക്കാന്‍ ഞാനും ശ്രമിക്കുന്നുണ്ട്, ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.
ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ അതിരൂക്ഷ ആരോപണ പ്രത്യാരോപണങ്ങളും വിമര്‍ശനങ്ങളുമായിരുന്നു ട്രംപും മംദാനിയും പരസ്പരം ഉന്നയിച്ചിരുന്നത്. എന്നാല്‍ മേയറായി തിരഞ്ഞെടുക്കപ്പട്ട ശേഷം കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപൂര്‍ണമായിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് തരൂരിന്റെ കുറിപ്പ്. കോൺഗ്രസിനെതിരായ പരോക്ഷവിമർശനമായും കുറിപ്പിനെ ചിലർ വിലയിരുത്തുന്നുണ്ട്.
Content Highlights: this is how democracy should work says shashi tharoor on mamdani trump meeting