എഫ്-16 പോർവിമാനങ്ങളുമായി തിരിച്ചടി, ഏറ്റുമുട്ടൽ രൂക്ഷം; തായ്‌ലാൻഡും കംബോഡിയയും പോരടിക്കുന്നതെന്തിന്?

ബാങ്കോക്ക്: അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ആകെ 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ വ്യാഴാഴ്ചയും ആക്രമണം നടത്തിയെന്നാണ് തായ്‌ലാന്‍ഡിന്റെ ആരോപണം. കംബോഡിയയുടെ റോക്കറ്റ്, ഷെല്ലാക്രമണത്തില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഫനോം ഡോങ് റാക്കിലെ ആശുപത്രിക്ക് നേരേ അടക്കം കംബോഡിയ ആക്രമണം നടത്തിയതായി തായ്‌ലാന്‍ഡ് ആരോപിച്ചു. കംബോഡിയന്‍ അതിര്‍ത്തിയിലുള്ള ആശുപത്രിയാണിത്. ആക്രമണം നടക്കുന്നതിനിടെ ആശുപത്രിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ആക്രമണം രൂക്ഷമായതോടെ ഫനോം ഡോങ് റാക് ജില്ലയിലെ എല്ലാ സ്‌കൂളുകളും അടച്ചിടാന്‍ തായ്‌ലാന്‍ഡ് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു.
സിസാകേത് പ്രവിശ്യയിലെ ഒരു പെട്രോള്‍ പമ്പിന് സമീപത്തുണ്ടായ റോക്കറ്റ് ആക്രമണത്തിലാണ് കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് തായ് ആരോഗ്യമന്ത്രാലയം നല്‍കുന്നവിവരം.
അതിനിടെ, കംബോഡിയയ്ക്ക് നേരേ തായ്‌ലാന്‍ഡും ആക്രമണം കടുപ്പിച്ചു. കംബോഡിയയിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തായ് സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേനയുടെ ആറ് വിമാനങ്ങളെ സജ്ജമാക്കിയെന്നും കംബോഡിയയിലെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയെന്നും തായ് സൈന്യം അവകാശപ്പെട്ടു. എഫ്-16 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തായ്‌ലാന്‍ഡിന്റെ ആക്രമണം.
തര്‍ക്കം എന്തിന്?
നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം. ഇതിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോഴത്തെ സംഘര്‍ഷം. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അതിര്‍ത്തിയിലെ എമറാള്‍ഡ് ട്രയാംഗിളില്‍വെച്ച് തായ് സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. തായ്‌ലാന്‍ഡും കംബോഡിയയും ഒരുപോലെ അവകാശമുന്നയിക്കുന്ന അതിര്‍ത്തിപ്രദേശമാണ് എമറാള്‍ഡ് ട്രയാംഗിള്‍. കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും സംഘര്‍ഷം രൂക്ഷമാവുകയും വ്യാഴാഴ്ചയോടെ ഇത് ഷെല്ലാക്രമണത്തിലേക്കും വ്യോമാക്രമണത്തിലേക്കും നീങ്ങുകയുമായിരുന്നു.
ഏകദേശം 817 കിലോമീറ്ററോളം നീളത്തില്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് തായ്‌ലാന്‍ഡും കംബോഡിയയും. പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട 'പ്രീഹ് വിഹാര്‍' എന്ന ക്ഷേത്രത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം ആരംഭിക്കുന്നത്.
1953 വരെ ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു കംബോഡിയ. ഈ സമയത്താണ് രാജ്യത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചത്. 1907-ല്‍ അതിര്‍ത്തിനിര്‍ണയം സംബന്ധിച്ച് കരാറിലെത്തുകയുംചെയ്തു. ഇതുപ്രകാരം പുരാതന ഹിന്ദുക്ഷേത്രം കംബോഡിയയിലായി. എന്നാല്‍, ക്ഷേത്രം കംബോഡിയയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയതിനെ പിന്നീട് തായ്‌ലാന്‍ഡ് എതിര്‍ത്തു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് തങ്ങളുടെ അതിര്‍ത്തിയിലാണെന്ന് അവകാശമുന്നയിച്ചു. 1959-ല്‍ കംബോഡിയ ഈ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. തുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കംബോഡിയയുടെ അതിര്‍ത്തിയിലാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ആ സമയത്ത് തായ്‌ലാന്‍ഡ് ഈ ഉത്തരവ് അംഗീകരിച്ചെങ്കിലും ക്ഷേത്രത്തിന് ചുറ്റുമുള്ള ഭാഗങ്ങള്‍ തങ്ങളുടെ അതിര്‍ത്തിയിലാണെന്ന വാദത്തില്‍ ഉറച്ചുനിന്നു. ഈ തര്‍ക്കമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമില്ലാതെ തുടരുന്നത്.
2008-ല്‍ ക്ഷേത്രം യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനായി കംബോഡിയ ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തര്‍ക്കം വീണ്ടും രൂക്ഷമായി. കംബോഡിയയുടെ നീക്കത്തിനെതിരേ തായ്‌ലാന്‍ഡില്‍നിന്ന് വന്‍ പ്രതിഷേധമുണ്ടായി. 2011-ല്‍ അതിര്‍ത്തി തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലും കലാശിച്ചു. 2011-ല്‍ ഒരാഴ്ചയോളം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം തായ്‌ലാന്‍ഡ് കംബോഡിയന്‍ അതിര്‍ത്തിയിലെ 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജി'ല്‍ ഇരുരാജ്യങ്ങളും സ്ഥിരമായി ചെക്ക്‌പോയിന്റുകള്‍ തുറന്നിരുന്നു. എന്നാല്‍, ഒരുവര്‍ഷത്തിന് ശേഷം ഈ ബന്ധത്തില്‍ വീണ്ടും വിള്ളലുണ്ടാവുകയും ആക്രമണ-പ്രത്യാക്രമണങ്ങളിലേക്ക് നീങ്ങുന്നതുമാണ് ഇപ്പോൾ കാണുന്നത്.
Content Highlights: Border clashes between Thailand and Cambodia intensify, resulting in 12 fatalities. Airstrikes