പോലീസ് ഇടപെട്ടില്ല, ലണ്ടനിൽ പാക് ഗ്രൂമിങ് സംഘം കടത്തിയ 16 കാരിയെ രക്ഷിച്ച് 200 അംഗ സിഖ് സമൂഹം

#ന്യൂസ് ഡെസ്ക്
X Video Grab
X Video Grab

ലണ്ടൻ: യുകെയിൽ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടു പോകുന്ന പാകിസ്താനി ഗ്രൂമിങ് സംഘത്തിൽനിന്ന് 16 കാരിയെ രക്ഷിച്ച് 200 അംഗ സിഖ് സമൂഹം. മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ തിരിച്ചെത്തിക്കുകയും ചെയ്തു.

വെസ്റ്റ് ലണ്ടനിലെ ഹൗൺസ്ലോ ഭാഗത്ത് 16 വയസ്സിൽ താഴെയുള്ള കുട്ടികളുമായി സംശയാസ്പദമായ രീതിയിൽ സ്നേഹബന്ധം സ്ഥാപിക്കുന്ന നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന പ്രതി, പെൺകുട്ടിയ്ക്ക് ഏകദേശം 13 വയസ്സുള്ളപ്പോൾ ബന്ധം സ്ഥാപിക്കാൻ തുടങ്ങിയിരുന്നു. 

പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹൗൺസ്ലോയിലെ സംഭവം വൈറലായി. ദൃശ്യങ്ങളിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതിയെ പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാം. പെൺകുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

സിഖ് പ്രസ് അസോസിയേഷൻ റിപ്പോർട്ട് അനുസരിച്ച്, സാധാരണ ഗ്രൂമിങ് തന്ത്രങ്ങൾ ഉപയോഗിച്ച് 16 വയസ്സിൽ പെൺകുട്ടിയെ കുടുംബത്തെ വിട്ട് പോകാൻ പ്രേരിപ്പിക്കുകയായിരുന്നു. നിയമത്തിലെ പഴുതുകൾ പ്രതി ഉപയോഗപ്പെടുത്തിയതിനാൽ പോലീസിന് വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞിരുന്നില്ല. ഇതിനോട് പ്രതികരിച്ച്, സിഖ് കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ പെൺകുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

യുകെ ആസ്ഥാനമായുള്ള സിഖ് ഗ്രൂപ്പുകൾ, സിഖ് യൂത്ത് യുകെ (SYUK) ഉൾപ്പെടെ അടിയന്തര സെമിനാറുകൾ നടത്തിയതിന് ശേഷം ഗ്രൂമിങ്ങിക്കുറിച്ച് രാജ്യവ്യാപകമായി അന്വേഷണം ആരംഭിച്ചു. വിവിധ റിപ്പോർട്ടുകൾ പ്രകാരം, സിഖ് പെൺകുട്ടികളെ "ലവ് ബോംബിങ്", ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ സമ്മർദ്ദം ചെലുത്തൽ പോലുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് ബന്ധങ്ങളിലേക്ക് എത്താൻ  നിർബന്ധിതരാക്കുന്നതാണ് പതിവ്. ഗ്രൂമർമാർ മതപരമായ പിരിമുറുക്കങ്ങൾ മുതലെടുത്ത് ഇരകളെ അവരുടെ കുടുംബങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്നു. പല കേസുകളും ദുരുപയോഗ ബന്ധങ്ങൾ, നിർബന്ധിത വേശ്യാവൃത്തി, അപൂർവ സന്ദർഭങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദ ഗ്രൂപ്പുകളിൽ പെൺകുട്ടികളെ ചേർക്കൽ എന്നിവയ്ക്കാണ് പെൺകുട്ടികളെ കടത്തുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ, യുകെയിലുടനീളം ആയിരക്കണക്കിന് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗ്രൂമിങ് സംഘങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ദേശീയ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. റോഥർഹാം, റോച്ചഡാൽ, ടെൽഫോർഡ് തുടങ്ങിയ പട്ടണങ്ങളിൽ പാക് സംഘങ്ങൾ പെൺകുട്ടികളെ ഇത്തരത്തിൽ കുടുക്കി വിപണനം നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. പ്രാദേശിക അധികാരികളും പോലീസും വർഷങ്ങളോളം ദുരുപയോഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവഗണിക്കുകയും വംശീയത ആരോപിക്കപ്പെടുമെന്നോ സമൂഹത്തിൽ പിരിമുറുക്കം ഉണ്ടാക്കുമെന്നോ ഉള്ള ഭയം കാരണം പലപ്പോഴും നിസ്സംഗത പാലിക്കുകയും ചെയ്തു.

പെൺകുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ തടയുന്നതിൽ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെട്ടതായി ടെസ്ല സിഇഒ ഇലോൺ മസ്ക് വിമർശിച്ചതിന് ശേഷം ഈ വിഷയം വീണ്ടും ശ്രദ്ധ നേടി. അദ്ദേഹത്തിൻ്റെ അഭിപ്രായം പൊതുജനരോഷം ആളിക്കത്തിക്കുകയും സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിനായുള്ള പുതിയ ആവശ്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

Content Highlights: Teen abducted, raped by Pak grooming gang in London, 200 Sikhs come to her rescue