താരിഖ് റഹ്‌മാൻ ബംഗ്ലാദേശിലേക്ക്, ‘ഡാർക്ക് പ്രിൻസ്’ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് നേട്ടമോ?

ധാക്ക: ബംഗ്ലാദേശിൽ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിലേക്കാണ് രാജ്യവും ലോകവും ഉറ്റുനോക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് അഭ്യൂഹങ്ങളും ആഭ്യന്തര അനിശ്ചിതത്വവും അപ്രസക്തമാക്കിയിരിക്കുകയാണ് താരിഖ് റഹ്‌മാന്റെ ലണ്ടനിൽനിന്നുള്ള മടങ്ങിവരവ്. 17 കൊല്ലത്തിനുശേഷം സ്വയം ഏർപ്പെടുത്തിയ പ്രവാസം അവസാനിപ്പിച്ച് മുൻ ബംഗ്ലാദേശ് പ്രസിഡൻ്റ് സിയാവുർ റഹ്മാൻ്റെയും മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെയും മകൻ തിരിച്ചെത്തുമ്പോൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക് (ബിഎൻപി) അത് ആത്മവിശ്വാസമേറ്റും. ഒരിക്കൽ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഡാർക്ക് പ്രിൻസ് ആയാണ് മാധ്യമങ്ങൾ താരിഖ് റഹ്‌മാനെ വിശേഷിപ്പിച്ചത്.
താരിഖിന്റെ വരവ് ഇന്ത്യയുടെ പ്രാദേശിക സുരക്ഷയ്ക്കും നിർണായകമാണ്. ഇന്ത്യയെ പിന്തുണയ്ക്കുന്ന അവാമി ലീഗ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കപ്പെട്ടതും ഖാലിദ സിയ ആശുപത്രിയിലായിരിക്കുന്നതും പരിഗണിക്കുമ്പോൾ ഇദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുണ്ട്. ബംഗ്ലാദേശിൽ ഭീകരവാദികൾ അഴിഞ്ഞാടുന്നതും ഇടക്കാല തലവൻ മുഹമ്മദ് യൂനുസിൻ്റെ കീഴിൽ ഇന്ത്യാവിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ ഘട്ടത്തിലാണ് താരിഖ് എത്തുന്നത്. പാക് ഭീകരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായി വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യയ്ക്ക് ആശങ്കയുയർത്തുന്നുണ്ട്. മുൻ ഷെയ്ഖ് ഹസീന ഭരണകൂടം നിരോധിച്ച ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഒരു അഭിപ്രായസർവേ പ്രകാരം താരിഖിന്റെ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. അതേസമയം, ഒരിക്കൽ ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്ന ജമാഅത്തെ ഇസ്ലാമി ബിഎൻപിയുടെ തൊട്ടുപിന്നിലുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. ധാക്ക സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗം നേടിയ അപ്രതീക്ഷിത വിജയവും വിലയ്ക്കെടുക്കേണ്ടതായുണ്ട്. ബിഎൻപിയുമായുള്ള ബന്ധത്തിൽ ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ബിഎൻപിയെ കൂടുതൽ ഉദാരവാദിയും ജനാധിപത്യപരവുമായ സാധ്യതയായാണ് ഇന്ത്യ കാണുന്നത്. താരിഖിന്റെ തിരിച്ചുവരവ് ബിഎൻപി പ്രവർത്തകരെ ഉത്തേജിപ്പിക്കുമെന്നും അടുത്ത സർക്കാർ രൂപവത്കരിക്കുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നു.
ഹസീനയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയുമായി ബംഗ്ലാദേശ് അടുത്ത ബന്ധം പുലർത്തിയിരുന്നു, ചൈനയുടെ കാര്യത്തിൽ ശ്രദ്ധയോടെ നീങ്ങി. ഹസീന പാകിസ്താനിൽനിന്ന് സുരക്ഷിതമായ അകലം പാലിച്ചു. എന്നാൽ, യൂനുസിൻ്റെ ഭരണത്തിൻ കീഴിൽ സ്ഥിതിഗതികൾ മാറിമറിഞ്ഞു, അദ്ദേഹം ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിനെ അകറ്റിയതിന്റെ വില കൊടുത്തും പാകിസ്താനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. ബിഎൻപി അധികാരത്തിൽ തിരിച്ചെത്തിയാൽ ബംഗ്ലാദേശിൻ്റെ വിദേശനയത്തിൽ മാറ്റം വരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
അടുത്തിടെ, ഇന്ത്യയും ബിഎൻപിയും ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായി സൂചനകളുണ്ട്. ഡിസംബർ ഒന്നിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാലിദ സിയയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഗുരുതരാവസ്ഥയിലുള്ള ഖാലിദ സിയക്ക് ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വർഷങ്ങൾ നീണ്ട അകൽച്ചയ്ക്കുശേഷം ബിഎൻപി നന്ദി അറിയിക്കുകയും ചെയ്തു.
യൂനുസ് ഗവൺമെൻ്റുമായി താരിഖ് റഹ്‌മാന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുകയും തിരഞ്ഞെടുപ്പിൽ സഖ്യത്തിന് വിസമ്മതിക്കുകയും ചെയ്തു.ലണ്ടനിൽ താമസിക്കുന്ന താരിഖ് ഈ വർഷം ആദ്യം ഡൊണാൾഡ് ട്രംപിൻ്റെ 'അമേരിക്ക ഫസ്റ്റ്' എന്ന മുദ്രാവാക്യം മാതൃകയാക്കി 'ബംഗ്ലാദേശ് ഫസ്റ്റ്' എന്ന വിദേശ നയത്തിന് രൂപം നൽകിയിരുന്നു. ബിഎൻപി പാകിസതാനുമായോ ഇന്ത്യയുമായി അടുത്ത ബന്ധം തേടില്ലെന്ന് താരിഖിന്റെ 'ബംഗ്ലാദേശ് ഫസ്റ്റ്' സൂചന നൽകുന്നുണ്ട്.
ജനാധിപത്യത്തിൻ്റെ സംരക്ഷകരായാണ് ബിഎൻപിയെ താരിഖ് ഉയർത്തിക്കാട്ടുന്നത്. വിമാനത്താവളത്തിൽനിന്ന് അദ്ദേഹത്തിൻ്റെ വസതിയിലേക്കുള്ള റോഡ്ഷോയിൽ ലക്ഷം പാർട്ടി പ്രവർത്തകർ അണിചേരുമെന്നാണ് റിപ്പോർട്ട്. തുടർന്ന് നടക്കുന്ന വമ്പൻറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ബോഗുറ-6 (സദാർ) സീറ്റിൽനിന്ന് താരിഖ് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം ബിഎൻപി ചെയർപേഴ്സൺ ഖാലിദ സിയ തൻ്റെ ശക്തികേന്ദ്രമായ ബോഗുറ-7 (ഗബ്രത്തലി-ഷാജഹാൻപൂർ) മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും.
താരിഖ് എത്തിച്ചേരുന്ന വ്യാഴാഴ്ച കനത്ത സുരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ധാക്ക വിമാനത്താവളത്തിൽ സന്ദർശകർക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഏകദേശം 10 പ്രത്യേക ട്രെയിനുകളിലായി വ്യാഴാഴ്ച മൂന്ന് ലക്ഷത്തിലധികം ബിഎൻപി അനുകൂലികൾ തലസ്ഥാനത്ത് എത്തിച്ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താരിഖ് 2008 മുതൽ ലണ്ടനിൽ താമസിക്കുകയും വിദേശത്തുനിന്ന് ബിഎൻപിയെ നയിക്കുകയും ചെയ്യുന്നു. ഷെയ്ഖ് ഹസീന ഭരണത്തിൻ കീഴിൽ അദ്ദേഹം കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്നു. അവ രാഷ്ട്രീയ പ്രേരിതമാണെന്ന് ബിഎൻപി അവകാശപ്പെട്ടിരുന്നു. 2007-ൽ അദ്ദേഹം അഴിമതി കേസിൽ അറസ്റ്റിലായി. കസ്റ്റഡിയിലിരിക്കെ കടുത്ത ശാരീരിക പീഡനങ്ങൾ നേരിട്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. അടുത്ത വർഷം ജാമ്യം നേടി, ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാൻ കോടതി അനുമതി വാങ്ങി. അതിനുശേഷം പത്നിയോടൊപ്പം അവിടെയാണ് താമസിക്കുന്നത്.
2004-ലെ ധാക്ക ഗ്രനേഡ് ആക്രമണ കേസിൽ താരിഖ് ശിക്ഷിക്കപ്പെട്ടിരുന്നു. അവാമി ലീഗ് റാലിയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 2008-ൽ, ധാക്ക ട്രിബ്യൂൺ പത്രം 2001-2006 കാലഘട്ടത്തിൽ ബിഎൻപി ഭരണത്തിൻ കീഴിലുണ്ടായ അഴിമതികളെയും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ച് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. ഈ റിപ്പോർട്ടിൽ താരിഖിനെ "ഡാർക്ക് പ്രിൻസ്" എന്നാണ് വിശേഷിപ്പിച്ചത്.
താരിഖിന്റെ വരവ് ബിഎൻപിക്ക് ഊർജ്ജം പകരുമെങ്കിലും, അദ്ദേഹത്തിന് മുന്നിൽ വലിയ വെല്ലുവിളികളുണ്ട്. ഹസീനയുടെ വീഴ്ചയ്ക്ക് ശേഷം ബിഎൻപിയിലെ വിഭാഗീയതയെ താരിഖിന് നിയന്ത്രിക്കാനായെങ്കിലും പാർട്ടിയെ ഒന്നിപ്പിക്കാനും പ്രക്ഷോഭങ്ങളും അക്രമങ്ങളും നിറഞ്ഞ രാജ്യത്തിലെ യുവാക്കളെ ആകർഷിക്കാനും അദ്ദേഹത്തിന് കഴിയുമോ എന്ന് കണ്ടറിയണം.
Content Highlights: Tarique Rahman returns to Bangladesh after 20 years, impacting BNP, India`s security, and regional stability. Explore the implications of his return.