ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാക് സൈന്യം സമാധാനം അട്ടിമറിക്കുന്നു- താലിബാൻ

താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്(ഇടത്ത്) പാകിസ്താൻ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന താലിബാന്റെ സൈനികര്‍(വലത്ത്) | Photo: AFP
താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്(ഇടത്ത്) പാകിസ്താൻ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന താലിബാന്റെ സൈനികര്‍(വലത്ത്) | Photo: AFP

കാബൂൾ: അഫ്ഗാനിസ്ഥാനെ അസ്ഥിരപ്പെടുത്താനും പാകിസ്താൻ്റെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ലക്ഷ്യമിട്ട് പാകിസ്താൻ സൈന്യത്തിനുള്ളിലെ ഒരുവിഭാഗം ശ്രമങ്ങൾ നടത്തുന്നതായി താലിബാൻ. ശത്രുതാപരമായ തെറ്റായ വിവരങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നതായി അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റിന്റെ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സമാധാനവും പുരോഗതിയും സഹിക്കാൻ കഴിയാത്ത പാക് സൈനിക വിഭാഗം അഫ്ഗാനിസ്ഥാനെയും പാകിസ്താനെയും വിഭജിക്കുന്ന ഡ്യൂറൻഡ് ലൈനിലൂടെ മനഃപൂർവം സംഘർഷം ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

പാക് സൈന്യത്തിലെ ഈ വിഭാഗം അഫ്ഗാൻ വിരുദ്ധ പ്രചാരണം നടത്തുകയും, പാകിസ്താനകത്തുള്ള ഐഎസ്ഐഎസ് സങ്കേതങ്ങളെ അവഗണിക്കുകയും സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുകയും ചെയ്യുന്നതായി മുജാഹിദ് ആരോപിച്ചു. ഈ സംഘം സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്നും പാകിസ്താൻ്റെ സുരക്ഷാ പ്രതിസന്ധിക്കുള്ള യുക്തിസഹമായ എല്ലാ പരിഹാരങ്ങളെയും ഇത് തള്ളിക്കളയുകയും മുഴുവൻ മേഖലയെയും അസ്ഥിരതയിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്ഗാൻ സേനയ്ക്ക് ദേശീയ അതിർത്തികളിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും നിയമവിരുദ്ധമായ കടന്നുകയറ്റങ്ങളോ ആക്രമണങ്ങളോ തടയാൻ പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ്റെ മൊത്തത്തിലുള്ള സുരക്ഷ എട്ട് മാസമായി സുസ്ഥിരമാണെന്നും വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഓരോ ആക്രമണത്തിനും നിർണ്ണായകമായ മറുപടി നൽകിയിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിലായി 58-ൽ അധികം പാകിസ്താൻ സൈനികരെ വധിക്കുകയും 25 പാകിസ്താൻ പോസ്റ്റുകൾ പിടിച്ചെടുക്കുകയും ചെയ്തതായി മുജാഹിദ് നേരത്തെ അവകാശപ്പെട്ടിരുന്നു. പാക് സൈന്യത്തിൻ്റെ മീഡിയ വിങായ ഐഎസ്പിആർ, 23 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്.

Content Highlights: Afghanistan`s Taliban government accuses a Pakistan military faction of destabilizing the region through misinformation and hostile acts, sparking border clashes.