പാക് അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്ത് താലിബാൻ, 40-ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ/ഇസ്ലാമാബാദ്: പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി അതിർത്തിയിൽ വൻ സൈനിക നീക്കം ആരംഭിച്ച് അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ. പാകിസ്താൻ സൈന്യത്തിന്റെ 15 സുരക്ഷാ പോസ്റ്റുകൾ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും നിരവധി സൈനികരെ വധിച്ചതായും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അവകാശപ്പെട്ടു. ചില പാകിസ്താൻ സൈനികരെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും താലിബാൻ അറിയിച്ചു.
ഡ്യൂറൻഡ് ലൈനിലെ പാക് പ്രകോപനങ്ങൾക്ക് മറുപടിയായാണ് 'വലിയതരത്തിലുള്ള' ഈ ഓപ്പറേഷനെന്ന് സബീഹുള്ള മുജാഹിദ് സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. താലിബാൻ കരസേനാ മേധാവി ഖാരി ഫസിഹുദ്ദീൻ ഫിത്രത്ത് നേരിട്ടാണ് അതിർത്തിയിലെ സൈനിക നീക്കങ്ങൾക്ക് നേതൃത്വംനൽകുന്നത്. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ പാക് സൈനിക കേന്ദ്രങ്ങളാണ് താലിബാൻ ലക്ഷ്യമിട്ടത്.
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ കണ്ടെത്താൻ അത്യാധുനിക ലേസർ സംവിധാനങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും, ശത്രു സൈന്യത്തെ അനായാസം തകർക്കാൻ ഇത് സഹായിക്കുമെന്നും താലിബാൻ അവകാശപ്പെടുന്നു.
കുനാർ പ്രവിശ്യയിലെ മനാവാര, നരി ജില്ലകളിലായി അഞ്ച് ഔട്ട്പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തെന്നും ഇവിടെ 40 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് താലിബാൻ വക്താവ് ഹമീദുള്ള ഫിത്രത്ത് നൽകുന്ന വിവരം. നംഗർഹാർ പ്രവിശ്യയിലെ ദുർ ബാബ, ഗോഷ്തെ ജില്ലകളിലായി ഏഴ് ഔട്ട്പോസ്റ്റുകൾ താലിബാൻ നിയന്ത്രണത്തിലാക്കി. ഇവിടെനിന്ന് 13 സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം സംഭവത്തിൽ പാകിസ്താൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Taliban launched retaliatory military operations against Pakistan