അസദിനെ പുറത്താക്കിയ ശേഷമുള്ള സിറിയ; രാജ്യംവിട്ടവരേയും തിരിച്ചെത്തിച്ച് ശിക്ഷ നല്‍കുമെന്ന് വിമതര്‍

ഡമാസ്‌കസ്: അട്ടിമറിയിലൂടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയ ശേഷം വിമത സഖ്യം സിറിയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ്. മിന്നല്‍വേഗത്തിലുള്ള അട്ടമറിക്ക് ശേഷം മേഖലയിലെ രാജ്യങ്ങളും ലോകശക്തികളും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച വൈകി രഹസ്യ യോഗം ചേര്‍ന്നു. 13 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം, 12 ദിവസത്തിനുള്ളില്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ചത് എത്ര വേഗത്തില്‍ സംഭവിച്ചുവെന്നതില്‍ തങ്ങള്‍ ഇപ്പോഴും ഞെട്ടലിലാണെന്ന് യുഎന്‍ നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
'കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും അമ്പരപ്പിച്ചു. ഞങ്ങള്‍ സാഹചര്യം എങ്ങനെ വികസിക്കുമെന്ന് കാത്തിരിക്കുകയാണ്' യു.എന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ യോഗത്തിന് ശേഷം പ്രതികരിച്ചു.
നേരത്തെ വിമതരെ നേരിടാന്‍ അസദിനെ പിന്തുണച്ചവരില്‍ പ്രധാനികളായിരുന്നു റഷ്യ. വിമതര്‍ ഡമാസ്കസിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പായി രാജ്യംവിട്ട അസദ് റഷ്യയിലാണ് അഭയംതേടിയതും.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ തിങ്കളാഴ്ചയും ആഘോഷംതുടരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അസദിനെ വിമതര്‍ അട്ടിമറിച്ചെങ്കിലും സിറിയന്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി തിങ്കളാഴ്ച പറഞ്ഞു. അതേസമയം തന്നെ വിമതര്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
വിമതനേതാവായ അബു മുഹമ്മദ് അല്‍ ജൊലാനി എന്നറിയപ്പെടുന്ന അഹമ്മദ് അല്‍ ഷരാ മുഹമ്മദ് അല്‍ ജലാലിയുമായും സിറിയന്‍ വൈസ് പ്രസിഡന്റ് ഫൈസല്‍ മെക്ദാദുമായും കൂടിക്കാഴ്ച നടത്തി. ഭരണക്കൈമാറ്റം സംബന്ധിച്ചായിരുന്നു ചര്‍ച്ച. സിറിയയിലെ വിമത സര്‍ക്കാരിന്റെ തലവനായിരുന്ന മുഹമ്മദ് അല്‍ ബഷിറിന്റെ നേതൃത്വത്തില്‍ ആയിരിക്കും അധികാരക്കൈമാറ്റ അതോറിറ്റിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അധികാര കൈമാറ്റ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വിമതര്‍ സിറിയയുടെ ഭാവി പദ്ധതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിറിയയിലെ അസ്ഥിരത പ്രാദേശിക പിരിമുറുക്കം ഉയര്‍ത്തുമെന്ന ആശങ്കയുടെ ഭാഗമായി തിങ്കളാഴ്ച എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ അസദ് ഭരണകൂടത്തില്‍ സിറിയന്‍ ജനതയെ പീഡിപ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടിക ഉടന്‍ പുറത്ത് വിടുമെന്ന് വിമതര്‍ പ്രഖ്യാപിച്ചു.
'സിറിയന്‍ ജനതയെ പീഡിപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരെ ഉത്തരവാദികളാക്കും. ഇവരെ പിന്തുടരുകയും അവര്‍ ഓടിപ്പോയ രാജ്യങ്ങളില്‍ നിന്ന് അവരെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയും അവര്‍ക്ക് ന്യായമായ ശിക്ഷ ഉറപ്പിക്കുകയും ചെയ്യും'അബു മുഹമ്മദ് അല്‍ ജൊലാനി അറിയിച്ചു.
Content Highlights: Syrias former prime minister agrees to hand over power to rebel forces