ശ്രീലങ്കയിൽ നാശംവിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്, സഹായവുമായി ഇന്ത്യ; ഐഎൻഎസ് വിക്രാന്തിനെ നിയോഗിക്കും

#ന്യൂസ് ഡെസ്ക്
വ്യാപകമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ പ്രദേശം | Photo:X
വ്യാപകമായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ പ്രദേശം | Photo:X

ശ്രീലങ്ക: ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റിൽ 56 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. 23 പേരെ ഇപ്പോഴും കണ്ടെത്തായിട്ടില്ല. രാജ്യത്ത് വ്യാപകമായുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യൻ കപ്പലുകൾ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനംനേർന്ന മോദി ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. 

ഡിറ്റ് വാ ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു”, മോദി എക്സിൽ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ പരിശോധിച്ച് കൂടുതൽ സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അയൽപക്കക്കാരോടുള്ള പ്രഥമ നയവും 'മഹാസാഗർ' എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തിര സഹായം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ അയൽ രാജ്യങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച ഇന്ത്യൻ നാവികസേനയുടെ മാനുഷിക സഹായ-ദുരന്ത നിവാരണ (HADR) ദൗത്യമാണ് ഓപ്പറേഷൻ സാഗർ ബന്ധു. ഈ പ്രവർത്തനത്തിന് കീഴിൽ, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം അല്ലെങ്കിൽ മറ്റ് പ്രതിസന്ധികൾ ബാധിച്ച രാജ്യങ്ങൾക്ക് ഇന്ത്യയുടെ നാവിക കപ്പലുകൾ, വിമാനങ്ങൾ, മെഡിക്കൽ സംഘങ്ങൾ എന്നിവവഴി ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുകയും ഭക്ഷണം, മരുന്നുകൾ, രക്ഷാപ്രവർത്തനം, ലോജിസ്റ്റിക്സ് തുടങ്ങിയ അടിയന്തര സഹായം നൽകുകയും ചെയ്യുന്നു.

ഇതിന്റെ ഭാഗമായി ശ്രീലങ്കയുടെ നിലവിലുള്ള വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിനെ വിന്യസിക്കുമെന്ന് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു. കിഴക്കൻ ട്രിങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായി ശ്രീലങ്ക കാരിയറിന്റെ വിമാനങ്ങൾ ഉപയോഗിക്കാൻ ഔദ്യോഗികമായി അഭ്യർഥിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴല്ക്കാറ്റ് ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 12,313 കുടുംബങ്ങളിലെ 43,991 പേരെ ഇത് ബാധിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ സ്കൂളുകളിലേക്കും പൊതു ഷെൽട്ടറുകളിലേക്കും താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചതായി ഡിഎംസി അറിയിച്ചു. വരുംമണിക്കൂറുകളിൽ കൊടുങ്കാറ്റ് രൂക്ഷമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതുല്യമായ തീരദേശ ആവാസവ്യവസ്ഥയ്ക്ക് പേരുകേട്ട സൊകോത്ര ദ്വീപിലെ ലഗൂണിനെ സൂചിപ്പിക്കുന്ന ‘ഡിറ്റ് വാ’ എന്ന പേര് യെമൻ സംഭാവന ചെയ്തതാണ്. ശ്രീലങ്കയുടെ തീരത്തും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മണിക്കൂറായി കാറ്റ് മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങുകയാണ്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, അടുത്ത 48 മണിക്കൂറിനുള്ളിൽ കൊളംബോ ഉൾപ്പെടെയുള്ള കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും മേഖലയിൽ ജനജീവിതം താറുമാറായിയിരിക്കുകയാണ്. സ്കൂളുകൾ, പൊതുഗതാഗതം, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയെല്ലാം രാജ്യത്ത് പ്രവർത്തനരഹിതമാണ്. സമീപകാലത്ത് ശ്രീലങ്ക നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.

അതേസമയം, ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. തമിഴ്നാട്ടിലെ പുതുക്കോട്ടൈ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Cyclone Michaung has caused widespread destruction and loss of life in Sri Lanka. India has responded with crucial aid and disaster relief support.