വന്യജീവിസങ്കേതത്തില്‍ ആനയുടെ തുമ്പിക്കൈയിലേക്ക് ബിയര്‍ ഒഴിച്ച് സഞ്ചാരി; സംഭവം കെനിയയിൽ, വിമര്‍ശനം

Image courtesy: https://x.com/XposeTrophyHunt/status/1961488849864896523
Image courtesy: https://x.com/XposeTrophyHunt/status/1961488849864896523

നെയ്‌റോബി: വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരി, ആനയുടെ തുമ്പിക്കൈയില്‍ ബിയര്‍ ഒഴിച്ചുനല്‍കി. കെനിയയിലാണ് സംഭവം. സ്പാനിഷ് സഞ്ചാരിയുടെ ഭാഗത്തുനിന്നാണ് ഇത്തരമൊരു പ്രവൃത്തിയുണ്ടായത്. ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. @skydive_kenya എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്ന ഇയാള്‍, സംഭവത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍, സംഗതി വിമര്‍ശനവിധേയമായതോടെ വീഡിയോ ഡിലീറ്റ് ചെയ്തു.

മധ്യ കെനിയയിലെ ലൈകിപിയ കൗണ്ടിയിലെ വന്യജീവിസങ്കേതത്തില്‍ കഴിഞ്ഞകൊല്ലമായിരുന്നു സംഭവം. എന്നാല്‍, ഇന്‍സ്റ്റഗ്രാം വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിനോദസഞ്ചാരിയുടെ മോശം പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു. ബുപ എന്ന ആനയുടെ തുമ്പിക്കൈയ്ക്കുള്ളിലേക്കായിരുന്നു വിനോദസഞ്ചാരി ബിയര്‍ ഒഴിച്ചുനല്‍കിയത്. പ്രമുഖ കെനിയന്‍ ബിയര്‍ ബ്രാന്‍ഡായ ടസ്‌കറിന്റെ കാനില്‍നിന്ന് കുറച്ചു കുടിച്ചശേഷം ബാക്കിയുള്ളത് ആനയുടെ തുമ്പിക്കൈയുടെ ഉള്ളിലേക്ക് ഒഴിക്കുകയായിരുന്നു. 

അതേസമയം, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുള്ള മറ്റൊരു വീഡിയോയില്‍ ഈ വിനോദസഞ്ചാരി, കാണ്ടാമൃഗങ്ങളെ തൊട്ടുതലോടുന്നതും കാരറ്റുകള്‍ നല്‍കുന്നതും കാണാം. കാണ്ടാമൃഗങ്ങള്‍ അരുമമൃഗങ്ങളല്ലാത്തതിനാല്‍ അവയെ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല എന്ന നിയമവും ഈ വിനോദസഞ്ചാരി ലംഘിച്ചതായി വന്യജീവിസങ്കേതത്തിന്റെ പ്രതിനിധികളിലൊരാള്‍ രാജ്യാന്തരമാധ്യമമായ ബിബിസിയോടു പ്രതികരിച്ചു.

Content Highlights: spanish tourist pours beer into elephant trunk kenya