ഇത് ‘നൂറ്റാണ്ടിലെ വിവാഹമോചനം’; ദക്ഷിണകൊറിയൻ ടെക് വ്യവസായി നഷ്ടപരിഹാരമായി നൽകേണ്ടത് 6230 കോടി രൂപ

സോൾ: ‘നൂറ്റാണ്ടിലെ വിവാഹമോചന’മെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ച കേസിൽ നഷ്ടപരിഹാരം 94,400 കോടി വോൺ (6230 കോടി രൂപയോളം). പ്രമുഖ ദക്ഷിണകൊറിയൻ ടെക് വ്യവസായക്കമ്പനിയായ എസ്.കെ. ഗ്രൂപ്പിന്റെ ചെയർമാനും ശതകോടീശ്വരനുമായ ചേ തെയ് വോണും മുൻഭാര്യ റോ സോ യോങ്ങും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് വിധി.
സോൾ ഹൈക്കോടതിയാണ് റോ സോ യോങ്ങിന് ചേ ഞെട്ടിക്കുന്ന തുക നഷ്ടപരിഹാരം നൽകണമെന്ന് വെള്ളിയാഴ്ച വിധിച്ചത്. മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് റോ തേ വൂവിന്റെ മകളായ യോങ്, സോൾ ആർട്ട് മ്യൂസിയത്തിന്റെ ഡയറക്ടറാണ്.
1988-ലാണ് ചേയും യോങ്ങും വിവാഹിതരായത്. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്. തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയതിനുപിന്നാലെ 2017-ലാണ് ചേ വിവാഹമോചനക്കേസ് ഫയൽചെയ്യുന്നത്.
കഴിഞ്ഞവർഷം കേസിൽ സോൾ ഹൈക്കോടതി 1.38 ലക്ഷം വോൺ നഷ്ടപരിഹാരവും 200 കോടി വോൺ ജീവനാംശവും വിധിച്ചിരുന്നു. റോ തേ വൂ പ്രസിഡന്റായിരുന്ന കാലത്ത് രഹസ്യമായി സമ്പാദിച്ചെന്നാരോപിക്കുന്ന 3000 കോടി വോൺ എസ്.കെ. ഗ്രൂപ്പിന്റെ വളർച്ചയ്ത്ത് സഹായകമായെന്ന വാദം അഗീകരിച്ചായിരുന്നു അത്. എന്നാൽ, ആ വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് ഉത്തരവിടുകയായിരുന്നു.
സമീപമാസങ്ങളിലായി ചേയുടെ ആസ്തിയിൽ വൻകുതിപ്പാണുണ്ടായത്. ആഗോളതലത്തിൽ എ.ഐ. രംഗത്തുണ്ടായ കുതിപ്പിനെത്തുടർന്ന് എസ്.കെ. ഗ്രൂപ്പിനുകീഴിലെ സെമികണ്ടക്ടർ സ്ഥാപനമായ എസ്.കെ. ഹൈനിക്‌സിന്റെ ഓഹരിയിൽ വലിയ വളർച്ചയുണ്ടായി.
Content Highlights: In South Korea's widely publicized "divorce of the century," the Seoul High Court ordered SK Group Chairman Chey Tae-won to pay 944 billion won (approximately ₹6,230 crore) in cash to his ex-wife Roh Soh-young after a retrial regarding marital property division.