9\11 ആക്രമണത്തിനുശേഷം എന്റെ ആന്റി ഹിജാബ് ധരിച്ച് യാത്ര ചെയ്യുന്നില്ല; മുസ്‌ലിം സ്വത്വം ഉയർത്തിപ്പിടിച്ച് മംദാനി

സൊഹ്റാൻ മമ്ദാനി| Photo: AFP
സൊഹ്റാൻ മമ്ദാനി| Photo: AFP

ന്യൂയോർക്ക്: വംശീയ ആക്രമണത്തെ തന്റെ മുസ്‌ലിം സ്വത്വം ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി. മുൻ റിപ്പബ്ലിക്കൻ ഗവർണർ ആൻഡ്രൂ ക്യൂമോയ്ക്ക് മറുപടി നൽകുകയായിരുന്നു മംദാനി.

ബ്രോങ്ക്‌സിലെ ഒരു മസ്ജിദിന് പുറത്ത്, വെള്ളിയാഴ്ച്ച നമസ്‌കാരത്തിനുശേഷം മുസ്‌ലിം കൂട്ടായ്മയെ കണ്ട സൊഹാറാൻ മംദാനി മുസ്ലിം ജനത നേരിടുന്ന അവഹേളനങ്ങളെക്കുറിച്ച് വികാരാധീനനായാണ് സംസാരിച്ചത്. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം ഹിജാബ് ധരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ തന്റെ അമ്മായി സബ് വേയിൽ യാത്ര ചെയ്യുന്നില്ലെന്ന് പറയുമ്പോൾ അദ്ദേഹം കണ്ണീരണിഞ്ഞു.

'ഓരോ മുസ്‌ലിമിന്റെയും സ്വപ്നം മറ്റേതൊരു ന്യൂയോർക്കുകാരനെയും പോലെ പരിഗണിക്കപ്പെടുക എന്നത് മാത്രമാണ്. എന്നിട്ടും ഒരുപാട് കാലമായി അതിൽ കുറച്ച് ചോദിക്കാനും കിട്ടുന്ന തുച്ഛമായതിൽ തൃപ്തിപ്പെടാനുമാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. ഇനിയില്ല. വംശീയവും അടിസ്ഥാനരഹിതവുമായ ആക്രമണങ്ങൾക്ക് മുന്നിൽ ഞാൻ നന്നായി പെരുമാറുകയോ എന്റെ സന്ദേശത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് നാവടക്കിപ്പിടിക്കുകയോ ചെയ്താൽ, എന്റെ മതത്തിനപ്പുറം ഒരു വ്യക്തിയായി എന്നെ കാണാൻ അത് അനുവദിക്കുമെന്ന് ഞാൻ കരുതി. എനിക്ക് തെറ്റി. എത്രയൊക്കെ വഴിതിരിച്ചുവിട്ടാലും അതൊരിക്കലും മതിയാവില്ല.' മംദാനി പറഞ്ഞു.

താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ, വിശ്വാസം സ്വകാര്യമായി സൂക്ഷിക്കാൻ അമ്മാവൻ നിർദ്ദേശിച്ച കാര്യവും മംദാനി ഓർത്തെടുത്തു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മംദാനി ഇരവാദം കളിക്കുകയാണെന്ന് ആൻഡ്രൂ ക്യൂമോ ആരോപിച്ചിരുന്നു. ന്യൂയോർക്കിൽ വ്യാപകമായി ഇസ്‌ലാമോഫോബിയ നിലനിൽക്കുന്നുണ്ടെന്ന മംദാനിയുടെ വാദം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ശേഷിക്കേ, ഇരുവിഭാഗവും കടുത്ത ആരോപണങ്ങളുമായി മുന്നേറുകയാണ്. മംദാനി സോഷ്യൽ ഡെമോക്രാറ്റിന്റെ വേഷമണിഞ്ഞ ഇസ്‌ലാമിസ്റ്റ് ആണെന്നാണ് പ്രതിയോഗികളുടെ വിമർശനം. മംദാനി മറ്റൊരു 9/11 ആക്രമണത്തെ പ്രോത്സാഹിപ്പിക്കുമെന്ന രീതിയിലാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണം. മംദാനി കൈകൊണ്ട് ഊണ് കഴിക്കുന്ന ഒരു വീഡിയോ ക്യൂമോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

മംദാനിയുടെ ഭരണത്തിൻ കീഴിൽ ന്യൂയോർക്ക് സിറ്റിയിൽ ഭീകരാക്രമണങ്ങൾ നടക്കാനുള്ള സാധ്യതയെക്കുറിച്ച് നിലവിലെ മേയർ എറിക് ആഡംസ് വാചാലനായി. 'ന്യൂയോർക്കിന് യൂറോപ്പാകാൻ കഴിയില്ല. ആളുകൾക്ക് എന്താണ് കുഴപ്പമെന്ന് എനിക്കറിയില്ല. ഇസ്ലാമിക തീവ്രവാദം കാരണം മറ്റ് രാജ്യങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ടല്ലോ.' ഈ ആഴ്ച ആദ്യം നടന്ന ഒരു സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ ആഗോള ജിഹാദിന്റെ പിന്തുണക്കാരനായാണ് മംദാനിയെ വിശേഷിപ്പിച്ചത്.

Content Highlights: NYC mayoral candidate Sohran Mamdani vows to combat Islamophobia using his Muslim identity, responding to accusations of playing victim. Highlights post-9/11 fears.