നന്നായി 'പറപ്പിക്കുന്നത്' ഇവര്‍; 2024-ലെ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത്

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം | Photo: facebook.com/HIAQatar
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം | Photo: facebook.com/HIAQatar

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ ഈ വര്‍ഷത്തെ പട്ടിക പുറത്ത്. വിമാനത്താവളങ്ങളേയും വിമാനക്കമ്പനികളേയും റേറ്റ് ചെയ്യുന്ന സ്‌കൈട്രാക്‌സ് ആണ് പട്ടിക പുറത്തിറക്കിയത്. സിങ്കപ്പൂരിലെ ചാങ്കി വിമാനത്താവളത്തെ പിന്തള്ളി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ്‌സ് 2024-ല്‍ ഒന്നാമതെത്തിയത്. 12 തവണ ഒന്നാം സ്ഥാനം നേടിയ ചാങ്കിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഖത്തറിലെ ദോഹ വിമാനത്താവളം ഇത്തവണ കിരീടം നേടിയത്. 

പട്ടികയിലെ ആദ്യ അഞ്ച് വിമാനത്താവളങ്ങളും ഏഷ്യയിലുള്ളതാണ്. ദോഹയ്ക്കും ചാങ്കിയ്ക്കും ശേഷം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഇഞ്ചിയോണ്‍ വിമാനത്താവളമാണ് മൂന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ടോക്കിയോവിലുള്ള ഹനേഡ വിമാനത്താവളവും നരിറ്റ വിമാനത്താവളവുമാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ജപ്പാനില്‍ നിന്നുള്ള നാല് വിമാനത്താവളങ്ങളാണ് ഇടംപിടിച്ചത്. 

വേള്‍ഡ് എയര്‍പോര്‍ട്ട് സര്‍വേയുടെ അടിസ്ഥാനത്തിലാണ് മികച്ച വിമാനത്താവളങ്ങളെ സ്‌കൈട്രാക്‌സ് കണ്ടെത്തിയത്. ഓരോ വിമാനത്താവളങ്ങള്‍ വഴിയും യാത്ര ചെയ്യുന്ന നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചോദ്യാവലി നല്‍കിയായിരുന്നു സര്‍വേ. ലോകത്തെ മികച്ച 20 വിമാനത്താവളങ്ങളുടെ പട്ടികയാണ് സ്‌കൈട്രാക്‌സ് പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്നുള്ള ഒരു വിമാനത്താവളം പോലും പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. 

സ്‌കൈട്രാക്‌സ് തിരഞ്ഞെടുത്ത 2024-ലെ മികച്ച വിമാനത്താവളങ്ങള്‍

  1. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ (ഖത്തര്‍)
  2. ചാങ്കി അന്താരാഷ്ട്ര വിമാനത്താവളം (സിങ്കപ്പൂര്‍)
  3. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം, സിയോള്‍ (ദക്ഷിണകൊറിയ)
  4. ഹനേഡ അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ (ജപ്പാന്‍)
  5. നരിറ്റ അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ (ജപ്പാന്‍)
  6. ചാള്‍സ് ഡി ഗാള്‍ അന്താരാഷ്ട്ര വിമാനത്താവളം, പാരിസ് (ഫ്രാന്‍സ്)
  7. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (യു.എ.ഇ)
  8. മ്യൂണിച്ച് അന്താരാഷ്ട്ര വിമാനത്താവളം (ജര്‍മ്മനി)
  9. സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളം (സ്വിറ്റ്‌സര്‍ലാന്‍ഡ്)
  10. ഇസ്താംബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം (തുര്‍ക്കി)
  11. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം (ഹോങ്കോങ്)
  12. റോം-ലിയാനാര്‍ഡോ ഡാവിഞ്ചി ഫിയുമികിനോ അന്താരാഷ്ട്ര വിമാനത്താവളം (ഇറ്റലി)
  13. വിയന്ന അന്താരാഷ്ട്ര വിമാനത്താവളം (ഓസ്ട്രിയ)
  14. ഹെല്‍സിങ്കി-വാന്റ്റാ അന്താരാഷ്ട്ര വിമാനത്താവളം (ഫിന്‍ലാന്‍ഡ്)
  15. അഡോള്‍ഫോ സുവാരസ് മാഡ്രിഡ്-ബജാരസ് അന്താരാഷ്ട്ര വിമാനത്താവളം (സ്‌പെയിന്‍)
  16. ചുബു സെന്‍ട്രയിര്‍ അന്താരാഷ്ട്ര വിമാനത്താവളം (ജപ്പാന്‍)
  17. വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളം (കാനഡ)
  18. കന്‍സായ് അന്താരാഷ്ട്ര വിമാനത്താവളം (ജപ്പാന്‍)
  19. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളം (ഓസ്‌ട്രേലിയ)
  20. കോപ്പന്‍ഹേഗന്‍ അന്താരാഷ്ട്ര വിമാനത്താവളം (ഡെന്മാര്‍ക്ക്) 

Content Highlights: Singapore's Changi dethroned as world's best airport by Skytrax, Qatar takes the crown