യൂനുസ് ഭരണകൂടം രാജ്യത്തെ മരണക്കിണറിലേക്ക് തള്ളിവിട്ടു; രൂക്ഷ വിമർശനവുമായി ഷെയ്ഖ് ഹസീന

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല യൂനുസ് ഭരണകൂടം രാജ്യത്തെ മരണക്കിണറിലേക്ക് തള്ളിവിട്ടെന്നും രക്തമൊഴുകുന്ന രാജ്യത്ത് ജനാധിപത്യം ഇപ്പോൾ പ്രവാസത്തിലാണെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യം അതിന്റെ ഏറ്റവും ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു.
'ഒരിക്കൽ സമാധാനപരവും ഫലഭൂയിഷ്ഠവുമായിരുന്ന രാജ്യം ഇപ്പോൾ അങ്ങേയറ്റത്തെ അക്രമം, ഭയം, നാശം എന്നിവ നേരിടുന്നു.' ദക്ഷിണേഷ്യയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ ഹസീന ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. 2024 ഓഗസ്റ്റിൽ രാജ്യത്ത് നടന്ന അക്രമ പ്രതിഷേധങ്ങളെത്തുടർന്ന് സർക്കാർ പുറത്താക്കപ്പെട്ടതിന് ശേഷം അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൽ അധികാരം ഏറ്റെടുത്ത് ഇടക്കാല സർക്കാരിന്റെ ചീഫ് അഡൈ്വസറായി.
'2024 ഓഗസ്റ്റിൽ നടന്ന ഗൂഢാലോചനയ്ക്ക് ശേഷം രാജ്യം ഭീകരതയിലേക്ക് പതിച്ചിരിക്കുന്നു, ജനാധിപത്യം അടിച്ചമർത്തപ്പെട്ടു, സ്വാതന്ത്ര്യം ഇല്ലാതായി, സ്ത്രീകൾക്കെതിരെ വ്യാപകമായ അക്രമം, പീഡനം, ലൈംഗികാതിക്രമം എന്നിവ അനിയന്ത്രിതമായി നടക്കുന്നു. ഇന്ന് ബംഗ്ലാദേശ് രക്തപങ്കിലമായ ഒരു ഭൂപ്രദേശമാണ്; ജനാധിപത്യം പ്രവാസത്തിലാണ്.' അവർ കുറ്റപ്പെടുത്തി.
തീവ്ര വർഗീയ ശക്തികളും വിദേശ ശക്തികളും രാജ്യത്തെ കൊള്ളയടിച്ച് വലിയൊരു ജയിലും വധശിക്ഷാ സ്ഥലവുമാക്കി മാറ്റിയതായി അവർ ആരോപിച്ചു. 'കള്ളപ്പണം വെളുപ്പിക്കൽ, അധികാര മോഹം, ഒറ്റിക്കൊടുക്കൽ എന്നിവയാൽ നയിക്കപ്പെടുന്ന ഫാസിസ്റ്റ് സംഘം ഇപ്പോൾ നമ്മുടെ രാഷ്ട്രത്തെ രക്തം ഊറ്റിക്കുടിക്കുന്നു. അവർ എന്നെ നിർബന്ധിച്ച് പുറത്താക്കാൻ ഗൂഢാലോചന നടത്തി. അന്നുമുതൽ രാജ്യം അരാജകത്വത്തിലേക്ക് പതിച്ചു.' അവർ പറഞ്ഞു.
ഫെബ്രുവരി 12-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്നും തങ്ങളുടെ പാർട്ടിയായ അവാമി ലീഗ് മത്സരിക്കുന്നതിൽനിന്ന് വിലക്കപ്പെട്ടാൽ തിരഞ്ഞെടുപ്പ് നിയമാനുസൃതമായ പ്രതിസന്ധി നേരിടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Content Highlights: Former PM Sheikh Hasina criticizes Bangladesh`s interim Yunus government, alleging it has plunged the nation into violence and fear. Democracy is in exile, she states.