തൂക്കുമരത്തിന്റെ നിഴലിൽ ബംഗ്ലാദേശിന്റെ ഉരുക്കുവനിത; കരുതലോടെ പ്രതികരിച്ച് ഇന്ത്യ

ഷെയ്ഖ് ഹസീന |Photo:AFP
ഷെയ്ഖ് ഹസീന |Photo:AFP

ധാക്ക: അനുയായികള്‍ക്ക് ആധുനികബംഗ്ലാദേശിന്റെ ശില്പിയും വികസനനായികയുമായിരുന്നു ഷെയ്ഖ് ഹസീന, വിമര്‍ശകര്‍ക്കാകട്ടെ അധികാരദാഹിയായ ഏകാധിപതിയും.

പട്ടാളഭരണത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച ഉരുക്കുവനിതയെന്ന് ഒരുകാലത്ത് ബംഗ്ലാദേശുകാര്‍ ഹസീനയെ വാഴ്ത്തിയിരുന്നു. പക്ഷേ, 15 വര്‍ഷം നീണ്ടുനിന്ന ഭരണം ഉരുക്കുമുഷ്ടിയാലുള്ളതായി മാറിയപ്പോള്‍ ഹസീന വീണു. വിദ്യാര്‍ഥികളുയര്‍ത്തിയ പ്രക്ഷോഭക്കൊടുങ്കാറ്റ് നേരിടാനാകാതെ രാജ്യം വിട്ടോടേണ്ടിവന്നു. ഒടുക്കം പ്രക്ഷോഭകര്‍ക്കെതിരേ നിറയൊഴിക്കാന്‍ ഉത്തരവിട്ടതിന്റെ പേരില്‍ അവര്‍ക്ക് വധശിക്ഷയും വിധിക്കപ്പെട്ടു. ബംഗ്ലാദേശിനെ സാമ്പത്തികമായി മെച്ചപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും മനുഷ്യാവകാശലംഘനങ്ങള്‍ ഭരണത്തിലെ കറുത്തഏടുകളായി.

കഴിഞ്ഞ ജനുവരിയിലാണ് ഹസീന അഞ്ചാംതവണയും പ്രധാനമന്ത്രിയായത്. 1947ല്‍ കിഴക്കന്‍ പാകിസ്താനിലെ തുംഗിപാരയിലായിരുന്നു ജനനം. ധാക്ക സര്‍വകലാശാലയില്‍നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. പിന്നീട് വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ സജീവമായി. ഹസീനയ്ക്ക് 27 വയസ്സുള്ളപ്പോഴാണ് ബംഗ്ലാദേശ് വിമോചനനായകനായ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെ പട്ടാളം കൊന്നത്. അമ്മയും മൂന്നുസഹോദരങ്ങളും കൊല്ലപ്പെട്ടു. 1975-ലായിരുന്നു ആ പട്ടാള അട്ടിമറി. ഹസീനയ്ക്കും സഹോദരിക്കും ഇന്ത്യ അഭയം നല്‍കി.

ആറുവര്‍ഷത്തിനുശേഷം തന്റെ പിതാവിന്റെ പാര്‍ട്ടിയായ അവാമിലീഗിന്റെ നേതൃത്വത്തിലേക്ക് എത്തി. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി (ബിഎന്‍പി) ചേര്‍ന്ന് പട്ടാളഭരണകൂടത്തെ താഴെയിറക്കാന്‍ പോരാടി. 1990-ല്‍ ഇരുവരും ലക്ഷ്യംനേടി. എന്നാല്‍, പിന്നീട് കടുത്ത രാഷ്ട്രീയശത്രുക്കളായി മാറി.

ആണവശാസ്ത്രജ്ഞനായിരുന്ന എംഎ വസീദ് മിയാഹായിരുന്നു ഹസീനയുടെ ഭര്‍ത്താവ്. അദ്ദേഹം 2009-ല്‍ അന്തരിച്ചു.

ആദ്യമായി പ്രധാനമന്ത്രി

1996-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് 146 സീറ്റുനേടി. ഹസീന പ്രധാനമന്ത്രിയായി. 2001 വരെ പദവിയില്‍ തുടര്‍ന്നു. 2001-ലെ തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് 62 സീറ്റിലേക്ക് ഒതുങ്ങി. 234 സീറ്റുനേടിയ ബിഎന്‍പി സഖ്യം അധികാരത്തിലെത്തി.

വധശ്രമം

2004-ല്‍ പ്രതിപക്ഷനേതാവായിരിക്കേ ഹസീനയ്ക്കുനേരേ വധശ്രമമുണ്ടായി. ധാക്കയില്‍നടന്ന അവാമി ലീഗ് സമ്മേളനത്തിനുനേരേയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളടക്കം 24 പേര്‍ കൊല്ലപ്പെട്ടു. മൂന്‍കൂട്ടി തയ്യാറാക്കിയ ആക്രമണപദ്ധതിയില്‍ ബിഎന്‍പി നേതാക്കളും പങ്കാളികളായിരുന്നതായി പിന്നീടുതെളിഞ്ഞു.

2007-ല്‍ പട്ടാളം വീണ്ടും രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്തു. മാര്‍ച്ച് 14-ന് ഹസീന യുഎസിലേക്കും പിന്നീട് ബ്രിട്ടനിലേക്കും പോയി. ഏപ്രില്‍ 18-ന് ഹസീനയ്ക്ക് ബംഗ്ലാദേശില്‍ പ്രവേശനവിലക്കുമേര്‍പ്പെടുത്തി. 51 ദിവസത്തെ വിദേശവാസത്തിനുശേഷം മേയ് ഏഴിന് ഹസീന ബംഗ്ലാദേശില്‍ തിരിച്ചെത്തി. ജൂലായ് 16-ന് പോലീസ് ഹസീനയെ അറസ്റ്റുചെയ്തു.

ജാമ്യം നിഷേധിച്ചതോടെ പാര്‍ലമെന്റിനു സമീപത്തുള്ള കെട്ടിടത്തില്‍ത്തന്നെ തടവിലാക്കി. 2008 ജൂണ്‍ 11-ന് പരോള്‍ അനുവദിച്ചു.

വീണ്ടും അധികാരത്തില്‍

2008-ലെ തിരഞ്ഞെടുപ്പില്‍ അവാമിലീഗ് സഖ്യം 299-ല്‍ 230 സീറ്റുനേടി അധികാരത്തിലെത്തി. ബിഎന്‍പിയും ഖാലിദ സിയയും ഫലം അംഗീകരിച്ചില്ല. 2009-ല്‍ ഹസീന രണ്ടാമതും പ്രധാനമന്ത്രിയായി. 2014-ലെ തിരഞ്ഞെടുപ്പിലും വിജയം ഹസീനയ്‌ക്കൊപ്പം നിന്നു. 2019-ല്‍ തുടര്‍ച്ചയായി മൂന്നാംതവണയും ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി. അവാമി ലീഗ് 300-ല്‍ 288 സീറ്റുനേടി. പതിവുപോലെ പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പുഫലം അംഗീകരിച്ചില്ല.

സംവരണവിരുദ്ധപ്രക്ഷോഭത്തിൽ അടിപതറിയ ഹസീന

: സർക്കാർ മേഖലയിലെ തൊഴിൽസംവരണത്തിനെതിരേ 2024 ജൂലായിൽ ആരംഭിച്ച പ്രതിഷേധപ്രളയത്തിലാണ് അക്കൊല്ലമാദ്യം വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ ഹസീന സർക്കാർ ഒലിച്ചുപോയത്.

1971-ലെ ബംഗ്ലാദേശ് വിമോചനസമരത്തിൽ പങ്കെടുത്തവരുടെ പിൻമുറക്കാർക്ക് സർക്കാർ ജോലികളിലുണ്ടായിരുന്ന 30 ശതമാനം സംവരണമാണ് പ്രക്ഷോഭത്തിനിടയാക്കിയത്. സർവകലാശാലാ വിദ്യാർഥികൾ നയിച്ച ‘വിവേചനത്തിനെതിരേ വിദ്യാർഥികൾ’ എന്ന പ്രസ്ഥാനമായിരുന്നു പ്രക്ഷോഭത്തിന്റെ മുൻനിരയിൽ. ഇവരെ നേരിടാൻ ഹസീനയുടെ പോലീസിറങ്ങി. പിന്നാലെ പട്ടാളവും. ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗിന്റെ വിദ്യാർഥിസംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗും പ്രക്ഷോഭകരോട് ഏറ്റുമുട്ടി. ആയിരത്തിലേറെപ്പേർ മരിച്ചു. 14,000 പേർക്ക് പരിക്കേറ്റു. 11,000-ത്തോളം പേർ അറസ്റ്റിലായി.

ബംഗ്ലാദേശ് രൂപവത്കരിക്കപ്പെട്ടതിനു പിറ്റേവർഷം, 1972-ലാണ് സർക്കാർ ജോലികളിൽ സംവരണം നിലവിൽവന്നത്. 2018-ൽ ഹസീന പ്രധാനമന്ത്രിയായിരിക്കുമ്പോൾ വലിയൊരു സംവരണവിരുദ്ധ പ്രക്ഷോഭം നടന്നു. തിരഞ്ഞെടുപ്പു വർഷമായതിനാൽ, സ്വാതന്ത്ര്യസമരപ്പോരാളികളുടെ പിൻമുറക്കാർക്ക് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം സംവരണം സർക്കാർ റദ്ദാക്കി. ഇക്കൂട്ടരിൽ ചിലർ കോടതിയിൽപ്പോയി. അവർക്ക് അനുകൂലമായി ജൂലായ് ഏഴിന് ഹൈക്കോടതി വിധിവന്നു. അതോടെയാണ് ബംഗ്ലാദേശ് കലാപത്തിൽ മുങ്ങിയത്.

പ്രക്ഷോഭത്തിൽ മരണസംഖ്യ കുതിച്ചുയർന്നതോടെ സുപ്രീംകോടതി പ്രശ്നത്തിൽ ഇടപെട്ടു. 56 ശതമാനം സംവരണം വെറും ഏഴുശതമാനമാക്കി കുറച്ചിരുന്നു.

കരുതലോടെ ഇന്ത്യ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരേ ബംഗ്ലാദേശ് ഇടക്കാലഭരണകൂടത്തിന്റെ ട്രിബ്യൂണൽ പ്രഖ്യാപിച്ച വിധിയിൽ കരുതലോടെ ഇന്ത്യ. ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിനുശേഷം ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയാഭയം നൽകിയതിനെച്ചൊല്ലി ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് ആക്കംകൂട്ടിക്കൊണ്ടാണ് കോടതിവിധി വന്നിരിക്കുന്നത്.

ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യമുയർത്തി ഇന്ത്യക്കുമേൽ സമ്മർദം ശക്തമാക്കാനും അന്താരാഷ്ട്ര വേദികളിൽ ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാനുമുള്ള നീക്കം ബംഗ്ലാദേശിലെ ഭരണകൂടം കൈക്കൊണ്ടേക്കും. കുറ്റവാളികളെ കൈമാറാൻ ഇരുരാജ്യങ്ങളും തമ്മിൽ കരാറുണ്ടെന്നും ഇത് പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥമാണെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിൽ അജ്ഞാതസ്ഥലത്ത് രാഷ്ട്രീയാഭയത്തിൽ കഴിയുകയാണ് ഹസീന.

ജനതയുടെ താത്‌പര്യങ്ങൾക്ക് പ്രതിജ്ഞാബദ്ധം -ഇന്ത്യ

ട്രിബ്യൂണൽ വിധി വന്നതിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ നയതന്ത്രജാഗ്രത പാലിച്ചാണ് പ്രതികരണം. വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം പറയാതെ, ബംഗ്ലാദേശിലെ ട്രിബ്യൂണൽ വിധി ഇന്ത്യയുടെ ശ്രദ്ധയിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അടുപ്പമുള്ള അയൽരാജ്യമെന്നനിലയിൽ, ജനങ്ങളുടെ സമാധാനം, ജനാധിപത്യം, സമഗ്രത, സ്ഥിരത എന്നിവ ഉൾപ്പടെയുള്ള മേഖലകളിൽ ബംഗ്ലാദേശി ജനതയുടെ താത്‌പര്യങ്ങൾക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ബന്ധപ്പെട്ട എല്ലാവരുമായും ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Content Highlights: Sheikh Hasina's Reign: From Development Icon to Ousted Leader in Bangladesh