പുതിനുമായും ഷിയുമായും സംസാരിച്ചും പൊട്ടിച്ചിരിച്ചും മോദി; അകലെ നോക്കിനിന്ന് പാക് പ്രധാനമന്ത്രി|Video

പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും സംസാരിച്ച് നീങ്ങുന്നത് നോക്കിനിൽക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്  | Image courtesy: https://x.com/Tar21Operator
പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനും സംസാരിച്ച് നീങ്ങുന്നത് നോക്കിനിൽക്കുന്ന പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് | Image courtesy: https://x.com/Tar21Operator

ബെയ്ജിങ്: ചിരിച്ച് സംസാരിച്ച് മുന്നോട്ടുനടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും. ഒഴിഞ്ഞ കോണിൽ ഇരുവരെയും നോക്കി നില്‍ക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.  സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഉച്ചകോടിയില്‍നിന്നുള്ള ദൃശ്യങ്ങള്‍.

മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പുതിനും തമ്മില്‍ സൗഹാര്‍ദപൂര്‍വം ചിരിച്ചുസംസാരിക്കുന്നതിന്റെ വീഡിയോയും ഇതിനകംതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂവരും സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

സമ്മേളനത്തിന് മുന്‍പ് മോദിയും പുതിനും ഹസ്തദാനം ചെയ്യുന്നതിന്റെയും ആശ്ലേഷിക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തെത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേല്‍ അന്‍പത് ശതമാനം തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് പിന്നാലെ ഇതാദ്യമായാണ് മോദിയും പുതിനും നേരിട്ടുകാണുന്നത്. അതിനാല്‍തന്നെ ഇരു നേതാക്കന്മാരും തമ്മില്‍ സൗഹൃദം പങ്കുവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് രാഷ്ട്രീയപ്രാധാന്യവുമുണ്ട്. 

ടിയാന്‍ജിനിലെ എസ്‌സിഒ ഉച്ചകോടിക്ക് പിന്നാലെ ഉഭയകക്ഷിചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനും സഞ്ചരിച്ചത് ഒരേ കാറിലായിരുന്നു. പുതിനുമൊരുമിച്ചുള്ള കാര്‍ യാത്രയുടെ ദൃശ്യം മോദിതന്നെ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഉച്ചകോടി വേദിയിലെ ചടങ്ങുകള്‍ക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്ന വേദിയിലേക്ക് പ്രസിഡന്റ് പുതിനും ഞാനും ഒരുമിച്ച് യാത്രചെയ്തു. അദ്ദേഹവുമായുള്ള സംഭാഷണം പതിവുപോലെ ഉള്‍ക്കാമ്പുള്ളതായിരുന്നു, എന്നായിരുന്നു മോദിയുടെ കുറിപ്പ്.

Content Highlights: sco summit pak prime minister watches as vladimir putin and narendra modi walks past him