സൗദി-ഹൂതി സംഘർഷംആളുന്നു; ദമാംവിമാനത്താവളത്തിനും എണ്ണപ്പാടത്തിനുംനേരേ ആക്രമണം,നാലുപേർ കൊല്ലപ്പെട്ടു

#News Desk
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

റിയാദ്: ഇറാൻ-അമേരിക്ക യുദ്ധത്തെത്തുടർന്ന് ഏഴുമാസത്തിലേറെയായി പ്രക്ഷുബ്ധമായ പശ്ചിമേഷ്യയെ കൂടുതൽ കലുഷിതമാക്കി ഹൂതി-സൗദി സംഘർഷം ആളുന്നു. സൗദി അറേബ്യയിലെ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനുംനേരേയുണ്ടായ ആക്രമണങ്ങളിൽ ഇന്ത്യക്കാരനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു.

ബുധനാഴ്ച രാത്രിയാണ് ദമാം കിങ് ഫഹദ് അന്താരാഷ്ട്രവിമാനത്താവളത്തിനുനേരേ ആക്രമണമുണ്ടായത്. അതിൽ ഇന്ത്യക്കാരനും സൗദി പൗരനും മരിച്ചു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഷൈബ എണ്ണപ്പാടത്തിനു നേരേയുണ്ടായ ഡ്രോൺ ആക്രമണശ്രമത്തിലും ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോൺ തടഞ്ഞെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ടുപേർ കൊല്ലപ്പെട്ടു. എണ്ണപ്പാടത്തിനുപുറത്തുള്ള കരാർ കമ്പനിയുടെ വാഹനത്തിന് തീപിടിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിട്ടില്ല.

ദമാം വിമാനത്താവളത്തിനുനേരേ ആക്രമണം നടന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ സ്ഥിരീകരിച്ചു. മിസൈലാണോ ഡ്രോണാണോ പ്രയോഗിച്ചതെന്നത് വ്യക്തമല്ല. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടു സംഭവിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. താവളത്തിന്റെ പ്രവർത്തനവും വ്യോമഗതാഗതവും സാധാരണ നിലയിലായതായി അധികൃതർ അറിയിച്ചു.

മരിച്ച ഇന്ത്യക്കാരന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരുകയാണെന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്നും റിയാദിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. സൗദിയിൽ ഏകദേശം 27 ലക്ഷം ഇന്ത്യക്കാരുണ്ട്.

റിയാദ്, മദീന മേഖലകളിൽ നാല് ഡ്രോണുകൾ വെടിവെച്ചിട്ടതായി സൗദി അധികൃതർ അറിയിച്ചു. സൗദി അരാംകോയുടെ കിഴക്കൻ പ്രവിശ്യയിലെ ആസ്ഥാനത്തുനിന്ന് അത്യാവശ്യ ജീവനക്കാരെയും ഒഴിപ്പിക്കാൻ നിർദേശം നൽകി.

സൗദിവിമാനത്താവളങ്ങളും എണ്ണകേന്ദ്രങ്ങളും ലക്ഷ്യകേന്ദ്രങ്ങളാണെന്ന് യെമെനിലെ ഇറാൻ പിന്തുണയുള്ള ഹൂതിവിമതർ പ്രഖ്യാപിച്ചിരുന്നു. ദമാം വിമാനത്താവളം മുൻപും അവർ ലക്ഷ്യമിട്ടിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനുനേരേ ഈ മാസമുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. യെമെനിലെ ആഭ്യന്തരയുദ്ധത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ഹൂതികൾ കൈക്കലാക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള സൈനികനടപടിയിലാണ് സൗദി സഖ്യസേന.

ഹൂതികൾ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര സേവനവിഭാഗങ്ങളിൽ പ്രവർത്തിക്കാത്ത അമേരിക്കൻ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും രാജ്യം വിടാൻ യു.­എസ്. വിദേശകാര്യവകുപ്പ് നിർദേശിച്ചു.

Content Highlights: Attacks target Dammam King Fahd International Airport and Shaybah oil field in Saudi Arabia., Four people killed, including an Indian national, and multiple others injured., US Embassy orders non-emergency staff to leave due to escalating security threats., Saudi air defense intercepts multiple drones across Riyadh and Medina regions.