സൗദിയിൽ 11 കോടി ടൺ യുറേനിയം ശേഖരം കണ്ടെത്തി, ആണവോർജ്ജ പദ്ധതികളുമായി മുന്നോട്ട്

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ 11 കോടി ടൺ യുറേനിയം അടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ നിക്ഷേപം കണ്ടെത്തി. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ജനറൽ കോൺഫറൻസിൽ സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരനാണ് ഈ പ്രഖ്യാപനം നടത്തിയത്. മദീന മേഖലയിൽ നടത്തിയ ഭൗമശാസ്ത്ര പഠനങ്ങളിലാണ് ഉയർന്ന അളവിൽ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനുപുറമെ, സൗദിയുടെ ഫോസ്‌ഫേറ്റ് വ്യവസായത്തിൽ നിന്ന് ഉപോത്പന്നമായി യുറേനിയം വേർതിരിച്ചെടുക്കാനുള്ള സാധ്യതകളും രാജ്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
11 കോടി ടൺ അയിരിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും അത്രയും അളവിൽ ശുദ്ധമായ യുറേനിയം ലഭ്യമാകുമെന്നല്ല അതിനർഥം. വേർതിരിച്ചെടുക്കാൻ സാധിക്കുന്ന യുറേനിയത്തിന്റെ യഥാർത്ഥ അളവ് അയിരിന്റെ ഗുണനിലവാരം, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ, സാമ്പത്തിക ചെലവ് എന്നിവയെ ആശ്രയിച്ചിരിക്കും.
ആഭ്യന്തരമായി ആണവോർജ്ജ പദ്ധതികൾ വികസിപ്പിക്കാനുള്ള സൗദിയുടെ പദ്ധതികൾക്ക് ഈ കണ്ടെത്തൽ നിർണ്ണായകമാണ്. കഴിഞ്ഞ ജൂലൈ മാസത്തിൽ അമേരിക്കയുമായി സൗദി സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. നിലവിൽ സൗദി അറേബ്യ സ്വന്തമായി യുറേനിയം ഉൽപ്പാദിപ്പിക്കുകയോ യുറേനിയം സമ്പുഷ്ടീകരണം നടത്തുകയോ ചെയ്യുന്നില്ല.
തങ്ങളുടെ ആണവ ലക്ഷ്യങ്ങൾ തികച്ചും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും ഐ.എ.ഇ.എ-യുമായി സഹകരിച്ച് സുതാര്യമായിട്ടായിരിക്കും പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുകയെന്നും ഊർജ്ജ മന്ത്രി വ്യക്തമാക്കി. സ്വന്തം ധാതുസമ്പത്ത് പ്രയോജനപ്പെടുത്തി സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ കണ്ടെത്തൽ.
Content Highlights: Saudi Arabia's uranium discovery in Madinah is vital for its peaceful nuclear energy projects, aligning with international cooperation and transparency.