പോളണ്ട്, റൊമാനിയ, ഇപ്പോൾ എസ്‌തോണിയ; വ്യോമാതിർത്തിയിൽ കടന്നുകയറി റഷ്യൻ യുദ്ധവിമാനങ്ങൾ, പ്രതിഷേധം

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ടോളിന്‍:  പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ എസ്തോണിയയുടെ വ്യോമാതിര്‍ത്തിയിലും റഷ്യന്‍ കടന്നുകയറ്റം. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി എസ്തോണിയന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച പറഞ്ഞു. റഷ്യയുടെ മൂന്ന് മിഗ്-31 യുദ്ധവിമാനങ്ങളാണ് മുന്‍കൂര്‍ അനുമതിയില്ലാതെ എസ്തോണിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഏകദേശം 12 മിനിറ്റോളം വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ തുടര്‍ന്നതായും എസ്തോണിയന്‍ സര്‍ക്കാര്‍ പറഞ്ഞു. 

റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത് അഭൂതപൂര്‍വമായ ഹീനകൃത്യമാണെന്നായിരുന്നു എസ്തോണിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് റഷ്യന്‍ സ്ഥാനപതിക്ക് കുറിപ്പ് നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 

അടുത്തിടെ പോളണ്ട്, റൊമാനിയ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണുകളുടെ കടന്നുകയറ്റമുണ്ടായിരുന്നു. റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പോളണ്ട് സ്ഥിരീകരിക്കുകയുംചെയ്തു. 

Content Highlights: Russian MiG-31 fighter jets entered Estonian airspace without permission, escalating tensions