യുക്രൈനിൽ മലേഷ്യൻ എയർലൈൻസ് വിമാനം വെടിവെച്ചിട്ടതിന് പിന്നിൽ റഷ്യയെന്ന് യു.എൻ. ഏജൻസി

ന്യൂയോർക്ക്: മലേഷ്യൻ എയർലൈൻസ് വിമാനം 2014-ൽ യുക്രൈനിൽ തകർന്നുവീണ് 298 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസി. ഓസ്‌ട്രേലിയയും നെതർലൻഡ്‌സും ഉന്നയിച്ച വാദങ്ങൾ വസ്തുതാപരമാണെന്നും മോൺട്രിയൽ ആസ്ഥാനമായുള്ള ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാർമ്മികബാധ്യത നിറവേറ്റുന്നതിൽ റഷ്യൻ ഫെഡറേഷൻ പരാജയപ്പെട്ടുവെന്നും ഏജൻസി പ്രസ്താവനയിൽ പറയുന്നു. മലേഷ്യൻ എയർലൈൻസ് വിമാനം MH17 ആണ് യുക്രൈനിന്റെ വിമത നിയന്ത്രിത കിഴക്കൻ ഭാഗത്ത് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ ഓസ്‌ട്രേലിയൻ, നെതർലൻഡ് പൗരൻമാരാണ് കൂടുതലും മരിച്ചത്.
2014 ജൂലൈ 17-നായിരുന്നു സംഭവം. ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്ക് 298 പേരുമായി പോവുകയായിരുന്ന മലേഷ്യൻ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനമാണ് റഷ്യ വെടിവെച്ചിട്ടത്. യുക്രൈനിലെ ഗ്രബോവ് ഗ്രാമത്തിന് മുകളിൽ വിമാനം തകർന്നുവീണു. 189 യാത്രക്കാർ ഡച്ച് പൗരന്മാരായിരുന്നു. അന്നത്തെ യുക്രൈൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ വിമാനാപകടത്തെ തീവ്രവാദ പ്രവർത്തനമെന്നായിരുന്നു വിശേഷിപ്പിച്ചത്. റഷ്യൻ അനുകൂല വിമതരാണ് ഇതിന് പിന്നിലെന്ന് യുക്രൈൻ വാദിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഇത് നിഷേധിക്കുകയും കുറ്റം യുക്രൈനു മുകളിൽ ചുമത്തുകയും ചെയ്തു.
വിഘടനവാദികൾ നിയന്ത്രിക്കുന്ന പ്രദേശത്തുനിന്ന് തൊടുത്ത മിസൈലാണ് മലേഷ്യൻ വിമാനം തകർന്നതിന് പിന്നിലെന്നും റഷ്യയുടെ പിന്തുണയില്ലാതെ വിമതർക്ക് ഇത് സാധിക്കില്ലെന്നുമായിരുന്നു അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തൊട്ടടുത്ത ദിവസം പ്രതികരിച്ചത്. എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്ന് റഷ്യ തുടർച്ചയായി വാദിച്ചു. വിമാനം വെടിവെച്ചിട്ട കേസ് പരിഗണിച്ച ഡച്ച് കോടതി 2022-ൽ മൂന്നുപേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇവരിൽ രണ്ടുപേർ റഷ്യക്കാരായിരുന്നു. ഇവരെ കൈമാറാൻ റഷ്യ അന്ന് വിസമ്മതിച്ചു.
2023-ൽ, നെതർലൻഡ്, ഓസ്‌ട്രേലിയ, മലേഷ്യ, ബെൽജിയം, യുക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണ സംഘം വിമാനം തകർത്ത മിസൈലിന്റെ വിതരണത്തിന് റഷ്യൻ പ്രസിഡന്റ് പുതിൻ അനുമതി നൽകിയതിന് സൂചനകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അന്വേഷണം നിർത്തിവെച്ചു. യുഎൻ വ്യോമയാന ഏജൻസിയുടെ കണ്ടെത്തലിനെ ഓസ്‌ട്രേലിയൻ, നെതർലൻഡ്‌സ് ഗവൺമെന്റുകൾ സ്വാഗതം ചെയ്തു. റഷ്യക്കെതിരെ നടപടി വേണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
Content Highlights: UN aviation agency finds Russia responsible for the 2014 downing of Malaysia Airlines Flight MH17